അജ്ഞാത വാഹനം ഇടിച്ചിട്ടു; ചിന്നിച്ചിതറിയ നിലയില്‍ യുവാവിന്റെ മൃതദേഹം

By Lekshmi.03 02 2023

imran-azhar

ഗുരുഗ്രാം: ഡല്‍ഹിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവമുണ്ടായത്.വാഹനം ഇടിച്ച് റോഡില്‍ വീണ യാത്രക്കാരന്റെ ശരീരത്തിലൂടെ നിരവധി വാഹനങ്ങള്‍ കയറിയിറങ്ങി.തിരിച്ചറിയാനാവാത്തവിധം ഛിന്നഭിന്നമായ ശരീരത്തിലുണ്ടായിരുന്ന പേഴ്‌സില്‍നിന്ന് ലഭിച്ച ഐഡന്റിറ്റി കാര്‍ഡില്‍നിന്ന് പോലീസ് മരിച്ചയാളെ തിരിച്ചറിയുകയായിരുന്നു.

 

 

പശ്ചിമ ഡല്‍ഹിയിലെ മോഹന്‍ ഗാര്‍ഡനില്‍ താമസിക്കുന്ന രമേഷ് നായിക് (35) എന്നയാളാണ് മരിച്ചതെന്ന് പോലീസ് വ്യക്തമാക്കി.ഉത്തംനഗര്‍ കേന്ദ്രീയ വിദ്യാലയയിലെ ബസ് ഡ്രൈവറായ രമേഷിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. രാജസ്ഥാന്‍ സ്വദേശികളാണെങ്കിലും വര്‍ഷങ്ങളായി രമേഷിന്റെ കുടുംബം ഡല്‍ഹിയിലാണ് താമസം.

 

 

ഡല്‍ഹി- ജയ്പുര്‍ ദേശീയപാതയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവമുണ്ടായത്.ജയ്പുരില്‍ തന്റെ സഹോദരിയെ സന്ദര്‍ശിക്കാന്‍ വീട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു രമേഷ്. എന്നാല്‍ വഴിക്കുവെച്ച് ശാരീരികമായ അസ്വാസ്ഥ്യം തോന്നിയതിനാല്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.റോഡ് മുറിച്ചുകടക്കുമ്പോള്‍ അജ്ഞാത വാഹനം അദ്ദേഹത്തെ ഇടിച്ചിട്ടു.

 

 

റോഡില്‍ വീണ ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ പിന്നാലെ വന്ന നിരവധി വാഹനങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.ഇതിലേ കടന്നുപോയ ഒരു വഴിയാത്രക്കാരനാണ് ചിന്നിച്ചിതറിയ മൃതദേഹ ഭാഗങ്ങള്‍ കണ്ട് പോലീസില്‍ വിവരമറിയിച്ചത്.തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം പരിശോധിക്കുകയും ചെയ്തു.

 

 

മൃതദേഹഭാഗത്തില്‍നിന്ന് ലഭിച്ച പേഴ്‌സിലെ വിവരങ്ങളില്‍ നിന്നാണ് മരിച്ചത് രമേഷ് നായിക് ആണെന്ന് തിരിച്ചറിഞ്ഞത്.തുടര്‍ന്ന് രമേഷിന്റെ കുടുംബത്തെ വിവരം അറിയിച്ചു.ധരിച്ചിരുന്ന വസ്ത്രം തിരിച്ചറിഞ്ഞാണ് മരിച്ചത് രമേഷ് തന്നെയാണെന്ന് സഹോദരന്‍ സ്ഥിരീകരിച്ചത്.

 

 

OTHER SECTIONS