ഡല്‍ഹി പൊലീസ് ബ്രിജ് ഭൂഷന്റെ വസിയിലെത്തി; ജീവനക്കാരെ ചോദ്യം ചെയ്യുന്നു

By priya.06 06 2023

imran-azhar

 

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റെസ്ലിങ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വീട്ടിലെത്തി ഡല്‍ഹി പൊലീസ്.

 

ബ്രിജ് ഭൂഷന്റെ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള ഔദ്യോഗിക വസതിയില്‍ ജീവനക്കാരെ ചോദ്യം ചെയ്യുകയാണ്. വനിതാ താരങ്ങള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബ്രിജ് ഭൂഷണെതിരെ ഡല്‍ഹി പൊലീസ് രണ്ട് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

 

ബ്രിജ് ഭൂഷണെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് 12 പേരുടെ മൊഴിയെടുക്കാന്‍ വേണ്ടിയാണ് പൊലീസ് എത്തിയതെന്നാണ് സൂചന. തെളിവുകള്‍ക്കായി വിവരങ്ങള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്.

 

ബ്രിജ് ഭൂഷന്റെ നിരവധി അനുയായികളെയും പൊലീസ് ചോദ്യം ചെയ്തു. അതേസമയം, ബ്രിജ് ഭൂഷണെ പൊലീസ് ചോദ്യം ചെയ്തോ എന്ന് വ്യക്തമല്ല. പ്രത്യേക അന്വേഷണ സംഘം ഇതുവരെ 137 പേരുടെ മൊഴിയെടുത്തിട്ടുണ്ട്.

 

ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ഗുസ്തിതാരങ്ങള്‍ ശനിയാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

കൂടിക്കാഴ്ചയില്‍ നിയമം എല്ലാവര്‍ക്കും ഒരുപോലെയായിരിക്കുമെന്ന് അമിത് ഷാ ഉറപ്പു നല്‍കിയിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം സമരരംഗത്തുള്ള ഗുസ്തി താരങ്ങളായ സാക്ഷി മാലിക്ക്, ബജ്രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവര്‍ ഔദ്യോഗിക ജോലികളില്‍ തിരികെ പ്രവേശിച്ചിരുന്നു.

 

 

OTHER SECTIONS