By Priya.19 03 2023
ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമര്‍ശത്തില്‍ വിശദീകരണം തേടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തി ഡല്‍ഹി പൊലീസ്.
ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ചിരുന്ന ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്.
'സ്ത്രീകള്‍ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു' എന്നായിരുന്നു ശ്രീനഗറില്‍ നടന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ രാഹുല്‍ പറഞ്ഞത്.
'രാഹുല്‍ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടെന്നും, അവര്‍ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറില്‍വച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരകള്‍ക്ക് നീതി ഉറപ്പാക്കാനാണ് ഞങ്ങള്‍ എത്തിയത്' സ്‌പെഷല്‍ പൊലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ അറിയിച്ചു.
ലൈംഗിക ചൂഷണത്തിന് ഇരകളായെന്നു പറഞ്ഞ സ്ത്രീകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് സംഘം നേരിട്ട് രാഹുലിന്റെ വസതിയില്‍ എത്തിയത്.