തിരക്കിലാണ് പിന്നീട് മറുപടി നല്‍കാമെന്ന് രാഹുല്‍: ഡല്‍ഹി പൊലീസ് മടങ്ങി

By Priya.19 03 2023

imran-azhar

 


ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണം നേരിടുന്നുവെന്ന പരാമര്‍ശത്തില്‍ മൊഴിയെടുക്കാന്‍ രാഹുലിന്റെ വീട്ടിലെത്തിയ ഡല്‍ഹി പൊലീസ് അദ്ദേഹത്തെ കാണാനാകാതെ മടങ്ങി.

 

തിരക്കിലാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ അറിയിച്ചതോടെയോടെയാണ് മടങ്ങുന്നതെന്ന് പൊലീസ് അറിയിച്ചു. വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നോട്ടിസ് നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

പൊലീസ് കമ്മിഷണര്‍ അടക്കമുള്ളവര്‍ രണ്ടര മണിക്കൂറാണ് രാഹുലിന്റെ വസതിക്ക് മുന്‍പില്‍ കാത്തുനിന്നത്. ഉദ്യോഗസ്ഥര്‍ വീടിന് പുറത്തിറങ്ങിയതോടെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി.


ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ച ഇരകളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാഹുലിന്റെ വസതിയിലെത്തിയത്.

 

'സ്ത്രീകള്‍ ഇപ്പോഴും ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു' എന്നായിരുന്നു ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കവേ ശ്രീനഗറില്‍വച്ച് രാഹുല്‍ പറഞ്ഞത്.

 

'രാഹുല്‍ ഗാന്ധിയോട് സംസാരിക്കാനാണ് ഞങ്ങള്‍ ഇവിടെ വന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടെന്നും, അവര്‍ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറില്‍വച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

 

ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരകള്‍ക്ക് നീതി ഉറപ്പാക്കാനാണ് ഞങ്ങള്‍ എത്തിയത്' സ്‌പെഷല്‍ പൊലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ അറിയിച്ചു.

 

ലൈംഗിക ചൂഷണത്തിന് ഇരകളായെന്നു പറഞ്ഞ സ്ത്രീകളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് മാര്‍ച്ച് 16ന് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ ആവശ്യപ്പെട്ട് പൊലീസ് സംഘം നേരിട്ട് രാഹുലിന്റെ വസതിയില്‍ എത്തിയത്.

 

 

OTHER SECTIONS