തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു

By Web Desk.10 05 2021

imran-azhar

കോട്ടയം: തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

 

നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. ആദ്യമായി സംവിധാനം ചെയ്ത മനു അങ്കിള്‍ മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി.

 

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20 ന് എം.എന്‍.ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനനം. ജോസഫ് ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്ന് ബിരുദ പഠനവും പൂര്‍ത്തിയാക്കി. ഫാര്‍മസിയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്.

 

ജേസിയുടെ ഈറന്‍ സന്ധ്യ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കി 1985 ലാണ് സിനിമയില്‍ എത്തിയത്. തുടര്‍ന്ന് നിറക്കൂട്ട്, ശ്യാമ, രാജാവിന്റെ മകന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സൂപ്പര്‍ ഹിറ്റുകളുടെ തിരക്കഥാകൃത്തായി അദ്ദേഹം മാറി. സംവിധായകരായ ജോഷി, തമ്പി കണ്ണന്താനം എന്നിവരുമായി ചേര്‍ന്ന് നിരവധി വിജയചിത്രങ്ങള്‍ സൃഷ്ടിച്ചു.

 

രാജാവിന്റെ മകന്‍, ന്യൂഡല്‍ഹി, സംഘം, നായര്‍സാബ്, നമ്പര്‍ 20 മദ്രാസ് മെയില്‍, കോട്ടയം കുഞ്ഞച്ചന്‍, ഇന്ദ്രജാലം, ആകാശദൂത് തുടങ്ങിയ വമ്പന്‍ ഹിറ്റുകളൊരുക്കിയ ഡെന്നിസ് ജോസഫ്, മനു അങ്കിളും അഥര്‍വവും അടക്കം അഞ്ചു സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: ലീന. മക്കള്‍: എലിസബത്ത്, റോസി, ജോസ്

 

 

 

OTHER SECTIONS