By Web Desk.10 03 2023
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങളില്‍ നിന്ന് പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് സ്വപ്ന സുരേഷ് ആരോപിച്ച വിജേഷ് പിള്ളയ്‌ക്കെതിരെ ആരോപണവുമായി ചലച്ചിത്ര സംവിധായകന്‍. വിജേഷ് പിള്ള തന്നെ വഞ്ചിച്ചതായി കെഞ്ചിര എന്ന ചിത്രത്തിന്റെ സംവിധായകന്‍ മനോജ് കാനയാണ് ആരോപിച്ചത്.
വിജേഷ് പിള്ളയുടെ ആക്ഷന്‍ പ്രൈം ഒടിടി വഴിയാണ് സിനിമ പ്രദര്‍ശിപ്പിക്കാമെന്നു പറഞ്ഞു. എന്നാല്‍ പ്രദര്‍ശനം നന്നായി നടന്നില്ല. തുടര്‍ന്ന് വക്കീല്‍ നോട്ടിസ് അയച്ചു. പക്ഷേ, വക്കീല്‍ നോട്ടീസിന് മറുപടി പോലും നല്‍കിയില്ലെന്ന് മനോജ് കാന പറഞ്ഞു.
പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ പോലും ചെയ്യാതെയും ലൈസന്‍സ് പോലും പൂര്‍ത്തിയാവാതെയാണ് ഒടിടി പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തത്. അതുകൊണ്ട് ആര്‍ക്കും ചിത്രം കാണാനായില്ല. സിനിമയുടെ പേരില്‍ കള്ളത്തരം കാണിച്ചു ജീവിക്കുന്നവരാണ് ഇവരെന്നും അതിന്റെ അനുഭവസ്ഥനാണ് താനെന്നും മനോജ് കാന പറഞ്ഞു.
ബെംഗളൂരു മല്ലേശ്വരം ബ്രിഗേഡ് ഗേറ്റ്‌വേ ക്യാംപസിലെ വേള്‍ഡ് ട്രേഡ് സെന്ററിലാണ് വിജേഷ് സിഇഒ ആയി പ്രവര്‍ത്തിക്കുന്ന ആക്ഷന്‍ ഒടിടി എന്ന ഓണ്‍ലൈന്‍ വിഡിയോ സ്ട്രീമിങ് സ്ഥാപനം. ബ്രോഡ്കാസ്റ്റിങ്, മീഡിയ പ്രൊഡക്ഷന്‍ കമ്പനിയായ ഡബ്ല്യുജിഎന്‍ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റേതാണിത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നതായി 2021 ജൂലൈ ആദ്യം കൊച്ചിയില്‍ പത്രസമ്മേളനം നടത്തി വിജേഷ് പ്രഖ്യാപിച്ചിരുന്നു.
കമ്പനിയുടെ കൊച്ചിയിലെ ഓഫിസ് അധികകാലം പ്രവര്‍ത്തിച്ചില്ല. വാടക കുടിശിക വരുത്തിയാണ് ഓഫിസ് പൂട്ടിപ്പോയതെന്ന് ഇടപ്പള്ളിയിലെ കെട്ടിടം ഉടമ പറഞ്ഞിരുന്നു. ഡബ്ല്യുജിഎന്‍ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ മലയാള സിനിമാ നിര്‍മാണത്തിനും വിജേഷ് പിള്ള ശ്രമിച്ചിരുന്നു.
അതിനിടെ, വിജേഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.