അഴിമതിയും സ്വജന പക്ഷപാതവും നടത്താന്‍ ദുരന്തങ്ങള്‍ ഒരു മറവാക്കരുതെന്നും കോടതി

By parvathyanoop.01 12 2022

imran-azhar

 


കൊച്ചി:അപകട സമയങ്ങളില്‍ ആര്‍ക്കും എന്തും ചെയ്യാമെന്ന് കരുതരുതെന്ന് ഹൈക്കോടതി. കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള വിഷയത്തില്‍ ലോകായുക്ത ഇടപെട്ടിട്ടുളള ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഈ അറിയിപ്പ്.

 

അഴിമതിയും സ്വജന പക്ഷപാതവും നടത്താന്‍ ദുരന്തങ്ങള്‍ ഒരു മറവാക്കരുതെന്നും കോടതി പറഞ്ഞു.അഴിമതി ആരോപണങ്ങളും ക്രമക്കേടുകളും ആരോപിച്ചുള്ള പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരം ഉണ്ടെന്ന് കോടതി വിലയിരുത്തി. അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നും കോടതി ചോദിച്ചു.

 

ലോകായുക്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ അടക്കമുള്ളവരാണ് കോടതിയെ സമീപിച്ചത്.കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന പരാതിയില്‍ മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കു ലോകായുക്ത നോട്ടിസ് അയച്ചിരുന്നു.

 

ശൈലജ നേരിട്ടോ വക്കീല്‍ മുഖാന്തരമോ ഡിസംബര്‍ 8നു ഹാജരാകണം. ഇവരുടെ വാദം കേള്‍ക്കുന്നതിനൊപ്പം രേഖകള്‍ പരിശോധിച്ച് ലോകായുക്ത നേരിട്ടുള്ള അന്വേഷണവും നടത്തും. കെ.കെ.ശൈലജ, അന്നത്തെ ആരോഗ്യ സെക്രട്ടറി രാജന്‍ എന്‍.ഖോബ്രഗഡെ, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ എംഡിയായിരുന്ന ബാലമുരളി, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുന്‍ ജനറല്‍ മാനേജര്‍ എസ്.ആര്‍.ദിലീപ് കുമാര്‍, സ്വകാര്യ കമ്പനി പ്രതിനിധികള്‍ എന്നിവരടക്കം 11 പേര്‍ക്കെതിരെയാണു പരാതി.

 

ഐഎഎസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു നോട്ടിസ് അയച്ച് അന്വേഷണവും പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു കേസ് ഫയലാക്കിയത്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വീണ എസ്.നായരാണു ലോകായുക്തയെ സമീപിച്ചത്. പിപിഇ കിറ്റുകള്‍ക്കു പുറമേ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതിലും അഴിമതി നടന്നതായി പരാതിയില്‍ ആരോപിക്കുന്നു.

 

മന്ത്രിയായിരുന്ന ശൈലജയുടെ അറിവോടെയാണ് ഇടപാടുകള്‍ നടന്നത്. വിപണി നിരക്കിനെക്കാള്‍ മൂന്നിരട്ടി വിലയ്ക്കാണു സ്വകാര്യ കമ്പനികളില്‍ നിന്നു പിപിഇ കിറ്റുകള്‍ വാങ്ങിയത്.

 

OTHER SECTIONS