By priya.09 06 2023
കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം ആരംഭിക്കും.
പരീക്ഷയെഴുതാതെ തന്നെ ജയിപ്പിച്ചെന്ന രീതിയില്‍ രേഖകള്‍ പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ആരോപണം. കോളജ് പ്രിന്‍സിപ്പല്‍ ഉള്‍പ്പടെയുളളവരെ എതിര്‍കക്ഷിയാക്കിയാണ് കേസ്.
എന്നാല്‍ വിജയിച്ചവരുടെ പട്ടികയില്‍ ആര്‍ഷോയുടെ പേര് കടന്നുകൂടിയത് സാങ്കേതികപ്പിഴവ് കൊണ്ടാണെന്ന് മഹാരാജാസ് കോളജ് ഗവേണിങ് കൗണ്‍സില്‍ അറിയിച്ചിരുന്നു.
അതേസമയം, മാര്‍ക്ക് ലിസ്റ്റ് വിവാദം എസ്എഫ്‌ഐയെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍.
മാര്‍ക് ലിസ്റ്റ് പ്രശ്‌നത്തില്‍ പിഎം ആര്‍ഷോ നിരപരാധിയാണെന്ന് നേതൃയോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ ആര്‍ഷോ പാര്‍ട്ടിക്ക് നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും എന്നാല്‍ കെ വിദ്യക്കെതിരെ ഉയര്‍ന്ന വ്യാജരേഖാ ആരോപണം ഗുരുതരമാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു.