അമ്മയുടെ അന്ത്യകർമ്മങ്ങൾ ചെയ്യാൻ മകന് സാധിച്ചില്ല;ഒടുവിൽ ഈ ഡോക്‌ടർ ചെയ്തത്!

By Aswany mohan k.08 05 2021

imran-azhar

 

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് എന്ന മഹാമാരി പിടിപെട്ടന്നുമുതൽ ഇന്ന് വരെ തങ്ങളുടെ ജീവൻ പോലും പണയം വെച്ച് വിശ്രമമില്ലാതെ ജനങ്ങളുടെ ജീവന്‍ കാത്തുരക്ഷിക്കാനുളള ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ് രാജ്യത്തെ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പടെയുളള ആരോഗ്യപ്രവര്‍ത്തകര്‍. എന്നാൽ ഇപ്പോൾ ഈ മുന്നണിപ്പോരാളികളോടുളള ആദരവ് ഉയര്‍ത്തുന്ന ഒരു സംഭവമാണ് ഡല്‍ഹിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

 

കോവിഡ് ബാധിച്ച് മരിച്ച 78-കാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്ത് ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ് ഡല്‍ഹിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയിലെ ഡോക്ടറായ വരുണ്‍ ഗാര്‍ഗ്.


സ്ത്രീയുടെ മകനും കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാലാണ് അന്ത്യകര്‍മം നിര്‍വഹിക്കാന്‍ ഡോക്ടര്‍ തയ്യാറായത്.

 

'ബുധനാഴ്ച വൈകീട്ടാണ് എനിക്ക് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടറുടെ ഫോണ്‍കോള്‍ വരുന്നത്. കോവിഡ് ബാധിച്ച് ഒരു സ്ത്രീ മരിച്ചുവെന്നും സ്ത്രീയുടെ മകന്‍ കോവിഡ് പോസിറ്റിവ് ആയതിനാല്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ ആരുമില്ലെന്നും ഡോക്ടര്‍ പറഞ്ഞു.

 

അവരുടെ അടുത്ത ബന്ധുക്കളെയും അയല്‍ക്കാരേയും ബന്ധപ്പെടാന്‍ ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ വ്യാഴാഴ്ച ആയിട്ടും ആരും എത്തിയില്ല. തുടര്‍ന്നാണ് കുടുംബത്തെ സഹായിക്കണമെന്ന് ഞാന്‍ തീരുമാനിക്കുന്നത്.


അതിനായി അമ്മയുടെ അന്ത്യകര്‍മങ്ങള്‍ ഞാന്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്നുളള മകന്റെ സമ്മതപത്രം വാങ്ങിവരണമെന്ന് ഡോക്ടര്‍ സുഹൃത്തിനോട് ഞാന്‍ ആവശ്യപ്പെട്ടു.

 

ഞാന്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് മകന്‍ എഴുതിത്തന്നു. തുടര്‍ന്ന് ഡോക്ടര്‍ സുഹൃത്തുക്കളുടെ സഹായത്തോടെ സ്ത്രീയുടെ മൃതദേഹം നിഗംബോധ് ഘട്ടില്‍ കൊണ്ടുവന്നു.

 

അവരുടെ മതവിശ്വാസപ്രകാരമുളള എല്ലാ അന്ത്യകര്‍മങ്ങളും പൂര്‍ത്തിയാത്തി ഞാന്‍ ചിതയ്ക്ക് തീകൊളുത്തി. ' ഡോക്ടര്‍ വരുണ്‍ ഗാര്‍ഗ് പറയുന്നു.

 

ഇവരുടെ ചിതാഭസ്മം ശ്മശാനത്തിലുളള ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് മുക്തനായ ശേഷം മകന് ചിതാഭസ്മം നിമജ്ജനം ചെയ്ത് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാം.


2015-മുതല്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആശുപത്രിയില്‍ ജോലിചെയ്തുവരികയാണ് ഡോ. വരുണ്‍. കഴിഞ്ഞ ഒരു വര്‍ഷമായി കോവിഡ് ചികിത്സാമേഖലയിലാണ് സേവമനുഷ്ഠിക്കുന്നത്.

 

ഇതിനിടയില്‍ കോവിഡ് ബാധിതനായ ഡോക്ടറും കുടുംബവും കഴിഞ്ഞ ആഴ്ചയാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്.

 

'കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഈ കാലത്ത് നമ്മളെ സഹായിക്കാന്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് സഹാനുഭൂതിയും അനുഭാവവുമാണ്. നമുക്ക് കഴിയുന്ന രീതിയില്‍ പരസ്പരം സഹായിക്കാന്‍ തയ്യാറാകണം', ഡോ. വരുണ്‍ പറയുന്നു.

 

 

OTHER SECTIONS