By Greeshma Rakesh.26 05 2023
തൃശൂര്‍: ആശുപത്രികളില്‍ ഡ്യൂട്ടിക്കിടയില്‍ ചില രോഗികളില്‍ നിന്നടക്കമുള്ള അപ്രതീക്ഷിത അക്രമങ്ങളെ തടയാനും സ്വയരക്ഷയ്ക്കുമായി പ്രതിരോധ മുറകള്‍ പരിശീലിച്ച് തൃശൂര്‍ ജില്ലയിലെ ഡോക്ടര്‍മാര്‍. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ.വന്ദനാദാസ് കൊല്ലച്ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരിശീലനം. കേരള ഗവ.മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തില്‍ പൊലീസിന്റെ സഹകരണത്തോടെയാണ് വനിതാ ഡോക്ടര്‍മാര്‍ക്കടക്കം പരിശീലനം നല്‍കുന്നത്.
തൃശൂരില്‍ ഈ മാസം 21ന് നടന്ന ആദ്യപരിശീലനത്തില്‍ 60 പേരാണ് പങ്കെടുത്തത്. അടുത്ത പരിശീലനം 29ന് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നടക്കും. പിന്നീട് ജില്ലയിലെ വിവിധ സ്ഥലങ്ങളിവായി ക്ളാസുകളുണ്ടാകും. അതെസമയം പരിശീലനം സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കാനുള്ള ആലോചനയുമുണ്ട്. ഡോക്ടര്‍മാര്‍ക്ക് മാത്രമല്ല മറ്രു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കും. സ്ത്രീസുരക്ഷയുടെ ഭാഗമായി പൊലീസ് നല്‍കാറുള്ള പ്രതിരോധ ക്ലാസാണ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.
രോഗികളുടെ പെരുമാറ്റം ഉള്‍പ്പെടെ നിരീക്ഷിക്കുന്ന പരിശീലന രീതികൂടിയാണിത്. മാത്രമല്ല നിയമവശങ്ങളെക്കുറിച്ചും ക്ലാസു നല്‍കും. അക്രമിയെ പിടികൂടുന്ന വിധം, ലൈംഗികാതിക്രമമുണ്ടാകുമ്പോള്‍ ചെയ്യേണ്ടത് തുടങ്ങിയവയും പഠിപ്പിക്കും. 20 മണിക്കൂര്‍ ക്ളാസില്‍ 45 വിദ്യകളാണ് പഠിപ്പിക്കുക. സിറ്റി പൊലീസിലെ ഷിജി, പ്രതിഭ, ഷീജ തുടങ്ങിയവരാണ് പരിശീലകര്‍.രോഗികളുടെ സാഹചര്യമറിയാനും അവരോട് കൂടുതല്‍ ആര്‍ദ്രമായി പെരുമാറാനും ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നുണ്ട്.
ആശുപത്രിയിലെത്തുന്ന രോഗിയുടെ സ്വഭാവത്തോടൊപ്പം പെരുമാറ്റവും വിലയിരുത്തി ആക്രമണ സാദ്ധ്യതയറിയാന്‍ സഹായിക്കുന്ന മനഃശാസ്ത്ര ക്ലാസും സംഘടിപ്പിക്കും.അക്രമിയെ പൂട്ടും 'ലോക്ക്'ലിസനിംഗ് (ശ്രദ്ധ), ഒബ്സര്‍വേഷന്‍ (നിരീക്ഷണം ), കോണ്‍ഫിഡന്‍സ് (ആത്മവിശ്വാസം), നോളഡ്ജ് (അറിവ് ) എന്നിവയുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് 'ലോക്ക്' എന്നാണ് പരിശീലന രീതിക്ക് തൃശൂര്‍ സിറ്റി പൊലീസ് പേരിട്ടിരിക്കുന്നത്.