സേവനത്തിന്റെ പാദമുദ്രകള്‍ പതിപ്പിച്ച് ഡോ. ഫസില്‍ മരിക്കാര്‍ യാത്രയായി

By Web Desk.23 03 2023

imran-azhar

 


തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗം മുന്‍ മേധാവി ഡോ. ഫസില്‍ മരിക്കാര്‍ ഓര്‍മ്മയായി. ബുധനാഴ്ച രാത്രി കുമാരപുരം മോസ്‌ക് ലെയ്‌നിലെ വീട്ടിലായിരുന്നു അന്ത്യം. പ്രഗത്ഭനായ സര്‍ജനും മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട അധ്യാപകനുമായിരുന്നു ഡോ. ഫസില്‍ മരിക്കാര്‍. ജീവിതത്തിലുടനീളം മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ചികിത്സകന്‍. രോഗികളോട് ഏറെ സഹാനുഭൂതിയോടെ ഇടപെട്ട മാതൃകാ ഡോക്ടറായിരുന്നു അദ്ദേഹം.

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്നു. മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജില്‍ ഡീന്‍ ആയിരുന്നു. അസീസിയ മെഡിക്കല്‍ കോളേജിലും മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജിലും പ്രിന്‍സിപ്പലായി സേവനമനുഷ്ടിച്ചു. റുവാണ്ട മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പദവി വഹിച്ചിട്ടുണ്ട്.

 

ആഗോളതലത്തില്‍ യൂറോലിത്തിയാസിസ് ഗവേഷണത്തില്‍ ശ്രദ്ധേയനായിരുന്നു. നിരവധി ഗവേഷണ ലേഖനങ്ങള്‍ രചിച്ചു. രാജ്യാന്തര സെമിനാറുകള്‍ നയിക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.

 

1040-ല്‍ തിരുവനന്തപുരത്ത് ജനിച്ചു. ഗവ. മോഡല്‍ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1970-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പാസ്സായി. 1975-ല്‍ സര്‍ജറിയില്‍ എംഎസ് ബിരുദം. 1991-ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സര്‍ജറിയില്‍ ആദ്യത്തെ ഡോക്ടറേറ്റും നേടി. 2003-ല്‍ മെഡിക്കല്‍ കോളേജില്‍ സര്‍ജറി വിഭാഗം മേധാവിയും ഡയറക്ടറുമായിരിക്കെയാണ് വിരമിച്ചത്. 'സേവനത്തിന്റെ പാദമുദ്രകള്‍' എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

ഭാര്യ: ഡോ. ഖുര്‍ഷിദ് മരിക്കാര്‍ (റിട്ട. അനാട്ടമി വിഭാഗം മേധാവി, മെഡിക്കല്‍ കോളേജ്). മക്കള്‍: ഷമീര്‍ മരിക്കാര്‍ (ബിസിനസ്), ഡോ. സാജിദ് മരിക്കാര്‍ (യുഎഇ). മരുമക്കള്‍: പ്രെമിന്‍, നെയ്മ.

 

 

OTHER SECTIONS