By web desk.26 05 2023
ഛത്തീസ്ഗഡ്: ജലസംഭരണിയില്‍ വീണ വിലകൂടിയ ഫോണ്‍ എടുക്കാന്‍ 21 ലക്ഷം ലീറ്റര്‍ വെള്ളം വറ്റിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.
കാങ്കര്‍ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥന്‍ രാജേഷ് വിശ്വാസിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പദവി ദുരുപയോഗം ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്ന് അനുമതി വാങ്ങാതിരിക്കുകയും ചെയ്തതിന് ജില്ലാ കലക്ടര്‍ ആണ് രാജേഷിനെ സസ്‌പെന്‍ഡ് ചെയ്തത്.
അവധിക്കാലം ആഘോഷിക്കാനാണ് ഖേര്‍കട്ട അണക്കെട്ട് പരിസരത്ത് രാജേഷ് എത്തിയത്. ഒരു ലക്ഷം രൂപ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ വെള്ളത്തില്‍ വീണു. പ്രദേശവാസികള്‍ ഫോണിനായി വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് മൂന്നുദിവസം കൊണ്ട് 21 ലക്ഷം ലീറ്റര്‍ വെള്ളം ഒഴുക്കി കളഞ്ഞത്.
1,500 ഏക്കര്‍ കൃഷിയിടം നനയ്ക്കാനുള്ള വെള്ളമായിരുന്നു ഇത്. പരാതിയെ തുടര്‍ന്ന് ജലവകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പമ്പിങ് തടഞ്ഞു.
ഫോണ്‍ ലഭിച്ചെങ്കിലും മൂന്നുദിവസം വെള്ളത്തില്‍ കിടന്നതിനാല്‍ ഉപയോഗശൂന്യമായ നിലയിലാണ്. അഞ്ചടി വരെ വെള്ളം വറ്റിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നെങ്കിലും അതിലേറെ വെള്ളം പുറത്തേക്ക് ഒഴുക്കിയെന്ന് ജലവകുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.