റൂബി എഴുതി: വിശക്കുന്നു, മനുഷ്യനെപ്പോലെ വിശക്കുന്നു; ഞെട്ടലായി സുഹൃത്തിന്റെ വിയോഗം

By Web Desk.30 05 2021

imran-azhar

 

 

കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് റൂബി ഫേസ്ബുക്കില്‍ കുറിച്ചു: വിശക്കുന്നു, മനുഷ്യനെ പോലെ വിശക്കുന്നു.

 

ജീവിതത്തെ ഏറെ പോസിറ്റീവായി സമീപിക്കുന്ന റൂബിയുടെ പോസിറ്റിനെ തമാശയായാണ് സുഹൃത്തുക്കള്‍ കണ്ടത്. എന്നാല്‍, അതൊരു നിര്‍ദോഷമായ തമാശയായിരുന്നില്ല.

 

ദിവസങ്ങള്‍ കഴിഞ്ഞ് നടുക്കുന്ന ആ വാര്‍ത്ത എത്തി, റൂബിയും ഭര്‍ത്താവ് സുനിലും ജീവനൊടുക്കി. കെട്ടകാലത്തിന്റെ രക്തസാക്ഷികളാവുമോ ഇരുവരും. അപ്രതീക്ഷിത വേര്‍പാട് ഏല്‍പ്പിച്ച ആഘാതത്തിലാണ് സുഹൃത്തുക്കള്‍.

 

മരിക്കുന്നതിന്റെ തലേ ദിവസം വാട്ട്‌സാപ്പ് സൗഹൃദ കൂട്ടായ്മയില്‍ നിന്ന് റൂബി സ്വയം പുറത്തുപോയിരുന്നു. ചില സുഹൃത്തുക്കള്‍ക്ക് ഞാന്‍ ആകെ ഡൗണായി എന്ന് മെസേജും അയച്ചിരുന്നു.

 

എല്ലാത്തിനെയും പോസിറ്റീവായി സമീപിച്ചിരുന്ന, ബോള്‍ഡായ വ്യക്തിത്വമായിരുന്നു റൂബിയുടേതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അശ്വതി ശ്രീകാന്ത് സൈബര്‍ അറ്റാക്ക് നേരിട്ട സംഭവത്തിലും റൂബി ഫേസ്ബുക്കില്‍ ശക്തമായി പ്രതികരിച്ചിരുന്നു.

 

റൂബി സ്വയം ജീവിതത്തില്‍ നിന്ന് പടിയിറങ്ങിപ്പോയതിന്റെ കാരണം അറിയാതെ വിഷമിക്കുകയാണ് സുഹൃത്തുക്കള്‍.

 

തിരുവനന്തപുരം ശ്രീകാര്യം പാങ്ങപ്പാറയിലെ പുതിയ വാടകവീട്ടില്‍ സുനിലും റൂബിയും താമസം തുടങ്ങിയത് ഫെബ്രുവരിയിലാണ്. കഴിഞ്ഞ ദിവസം സുനില്‍ സുഹൃത്തിനെ വിളിച്ച് റൂബി തൂങ്ങിമരിച്ചെന്നും താന്‍ ഉടന്‍ മരിക്കുമെന്നും അറിയിച്ചു.

 

സുഹൃത്ത് ശ്രീകാര്യം പൊലീസിനെ വിവരം അറിയിച്ചു. തൂങ്ങിയ നിലയില്‍ കണ്ട ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.

 

 

 

OTHER SECTIONS