By Web Desk.06 02 2023
അങ്കാറ: തുര്‍ക്കിയും സിറിയയും ഭൂകമ്പത്തില്‍ ദുരന്തഭൂമികളായി. ഇത്രയും ശക്തവും നീണ്ടുനിന്നതുമായ ഭൂകമ്പം തങ്ങള്‍ അനുഭവിക്കുന്നത് ഇത് ആദ്യമാണെന്ന് പ്രദേശവാസികള്‍ ബിബിസിയോട് പറഞ്ഞു.
ഭൂകമ്പത്തിന്റെ വടക്ക് ഭാഗത്തുള്ള കഹ്റമന്‍മാരാസിലെ പസാര്‍സിക് ജില്ലയില്‍ നൂറുകണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
പ്രധാന ഭൂകമ്പം പ്രാദേശിക സമയം 04:17 നാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് നൂറ് മൈലിലധികം പ്രദേശങ്ങള്‍ വിറച്ചു.
ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നതായും തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് സുരക്ഷയ്ക്കായി കാറുകളിലേക്ക് ഓടിയതായും ദൃക്സാക്ഷികള്‍ വിവരിച്ചു.
''40 വര്‍ഷത്തിനിടയില്‍ എനിക്ക് അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. മൂന്ന് തവണയെങ്കിലും ശക്തമായി കുലുങ്ങി.'- ഗാസിയാന്‍ടെപ് നഗരത്തില്‍ താമസിക്കുന്നയാള്‍ ബിബിസിയോട് പറഞ്ഞു.
ബന്ധുക്കളില്‍ പലരും അവശിഷ്ടങ്ങള്‍ക്കടിയിലാണെന്ന് മറ്റൊരു പ്രദേശവാസി പറഞ്ഞു.
'ഞാന്‍ കഷ്ടിച്ച് കുടുംബത്തോടൊപ്പം കെട്ടിടത്തില്‍ നിന്ന് പുറത്തുകടന്നു. ഞങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ഒരു ചെറിയ വിടവിലൂടെ ഒരാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഞങ്ങള്‍ കണ്ടു. അയാളെ രക്ഷിക്കാന്‍ ശ്രമിച്ച ഞങ്ങളുടെ സുഹൃത്തിന്റെ മേല്‍ കെട്ടിടം തകര്‍ന്നുവീണു.' ദക്‌സാക്ഷി പറഞ്ഞു.
ഭൂകമ്പത്തില്‍ തെക്കന്‍ തുര്‍ക്കിയില്‍ തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഗ്യാസ് പൈപ്പ്‌ലൈനുകള്‍ പൊട്ടിത്തെറിക്കുകയും നിയന്ത്രണാതീതമാവുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.