മലപ്പുറം ജില്ല വിഭജിക്കണം; തിരൂര്‍ കേന്ദ്രമായി പുതിയ ജില്ല വേണമെന്ന് ഫാത്തിമ തഹിലിയ

By Web Desk.16 06 2021

imran-azhar

 

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച്, തിരൂര്‍ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹിലിയ.

 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തില്‍ നല്‍കപ്പെടുമ്പോള്‍ എട്ടു ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നത്. ഇത് അനീതിയാണ്. വാക്‌സിന്‍ വിതരണത്തില്‍ അടക്കം ഈ അനീതി കണ്ടതാണ്. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരമെന്നും ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

 

ഫാത്തിമ തഹിലിയയുടെ ഫേസ്ബുക്ക് പോസ്റ്റ: 

 

തിരൂര്‍ കേന്ദ്രമായി ഒരു ജില്ല രൂപീകരിക്കാന്‍ ഇനിയും എത്ര നാള്‍ കാത്തിരിക്കണം?1 984ല്‍ കണ്ണൂര്‍ ജില്ല വിഭജിച്ച് കാസര്‍ഗോഡ് ജില്ല രൂപീകരിച്ചതാണ് കേരളത്തിലെ അവസാനത്തെ ജില്ലാ രൂപീകരണം. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളുടെ ആകെ ജനസംഖ്യ 38 ലക്ഷമാണ്. മലപ്പുറം ജില്ലയുടെ ജനസംഖ്യയാകട്ടെ 41 ലക്ഷവും. കൊല്ലം, ആലപ്പുഴ ജില്ലകള്‍ വിഭജിച്ചാണ് 1982ല്‍ പത്തനംതിട്ട ജില്ല രൂപീകരിച്ചത്. കൊല്ലം ജില്ലയില്‍ നിന്ന് പത്തനംതിട്ട വിഭജിച്ചില്ലായിരുന്നുവെങ്കില്‍ പോലും കൊല്ലത്തേക്കാള്‍ കൂടുതല്‍ ജനസംഖ്യ മലപ്പുറം ജില്ലക്കുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്റെ പല പദ്ധതികളും ജില്ല അടിസ്ഥാനത്തില്‍ നല്‍കപ്പെടുമ്പോള്‍ 8 ലക്ഷം ജനസംഖ്യയുള്ള വയനാടിനും 41 ലക്ഷം ജനസംഖ്യയുള്ള മലപ്പുറത്തിനും ഒരേ പരിഗണനയാണ് ലഭിക്കുന്നത്. ഇത് അനീതിയാണ്. വാക്‌സിന്‍ വിതരണത്തില്‍ അടക്കം നാം ഈ അനീതി കണ്ടതാണ്. മലപ്പുറം ജില്ലയെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് മാത്രമാണ് ഏക പരിഹാരം. തിരൂരിനോട് ചേര്‍ന്നു കിടക്കുന്ന പാലക്കാട്, തൃശൂര്‍ ജില്ലകളിലെ പ്രദേശങ്ങളും പുതിയ ജില്ലയില്‍ ചേര്‍ക്കുന്നത് ആലോചിക്കാവുന്നതാണ്. മൂവാറ്റുപുഴ കേന്ദ്രമായി പുതിയൊരു ജില്ല രൂപീകരിക്കണം എന്ന ആവശ്യം ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മൂവാറ്റുപുഴ ജില്ലക്ക് വേണ്ടി വാദിക്കുന്നവര്‍ക്ക് കേള്‍ക്കേണ്ടി വരാത്ത വര്‍ഗീയ ആരോപണങ്ങള്‍ തിരൂര്‍ ജില്ല ആവശ്യപ്പെടുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് പ്രതിഷേധാര്‍ഹമാണ്.

 

 

 

 

 

OTHER SECTIONS