കളമശേരി മെഡിക്കല്‍ കോളേജില്‍ ജനിക്കാത്ത കുട്ടിക്കും ജനനസര്‍ട്ടിഫിക്കറ്റ്! പരാതി

By Web Desk.04 02 2023

imran-azhar

 


കൊച്ചി: കളമശേരി മെഡിക്കല്‍ കോളജില്‍ ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ്. പരാതിയില്‍ മെഡിക്കല്‍കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് അനില്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു.

 

ജനിക്കാത്ത കുട്ടിയുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. മുന്‍സിപ്പാലിറ്റി താല്‍ക്കാലിക ജീവനക്കാരി നല്‍കിയ പരാതി തുടര്‍ന്നാണ് നടപടി.

 

അനില്‍കുമാര്‍ ഇവരെ സമീപിച്ച് ചില രേഖകള്‍ കാണിച്ച് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് മുന്‍സിപ്പാലിറ്റി പരാതിയില്‍ പറയുന്നത്. പരിശോധനയില്‍ ആശുപത്രില്‍ ഇത്തരത്തിലൊരു പ്രസവം നടന്നിട്ടില്ലെന്ന് വ്യക്തമാകുകയും തുടര്‍ന്ന് കളമശ്ശേരി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

 

എന്നാല്‍, ആശുപത്രി ജീവനക്കാരനൊപ്പം രാതിക്കാരിക്കെതിരെയും അന്വേഷണം വേണമെന്നാണ് ആശുപത്രി സൂപ്രണ്ട് പൊലീസില്‍ നല്‍കിയ രണ്ടാമത്തെ പരാതിയിലെ ആവശ്യം. അനില്‍ കുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രസവവാര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നിടത്തെത്തി. തിരുവനന്തപുരത്ത് ജനനസര്‍ട്ടിഫിക്കേറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തനിക്കൊരു പരിശീലമുണ്ടെന്ന വ്യാജേനെ ജനന സര്‍ട്ടിഫിക്കറ്റിന്റെ ഒരു അപേക്ഷാ ഫോം സംഘടിപ്പിച്ചുവെന്നാണ് മെഡിക്കല്‍ കോളേജ് ആഭ്യന്തര അന്വേഷണത്തിലെ കണ്ടെത്തല്‍.