ക്ഷേത്രക്കുളത്തില്‍ മത്സ്യം ചത്തുപൊങ്ങുന്നു; ചത്തത് ആയിരക്കണക്കിനു കരിമീന്‍

By Greeshma Rakesh.03 06 2023

imran-azhar

 

ടിവിപുരം:ശ്രീരാമസ്വാമി ക്ഷേത്രക്കുളത്തിലെ കരിമീന്‍ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. നാലു ദിവസത്തിനിടെ ആയിരക്കണക്കിനു കരിമീനാണ് ചത്തു പൊങ്ങിയത്. ക്ഷേത്രക്കുളത്തില്‍ വിവിധ ഇനത്തിലുള്ള നിരവധി മത്സ്യം ഉണ്ടെങ്കിലും കരിമീന്‍ മാത്രമാണു ചാകുന്നതെന്നു പ്രദേശവാസികള്‍ പറഞ്ഞു.

 

ഒരു ഏക്കറോളം വിസ്തൃതിയാണ് കുളത്തിനിനുള്ളത്. കുളിപ്പുരയും തകര്‍ന്ന അവസ്ഥയിലാണ്. ദേവസ്വം അധികൃതര്‍, ഉപദേശക സമിതി ഭാരവാഹികള്‍ എന്നിവരെ അറിയിച്ചെങ്കിലും നടപടിയില്ലെന്നു പ്രദേശവാസികള്‍ പറഞ്ഞു.

 

മത്സ്യം ചത്തു പൊങ്ങി പ്രദേശവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചു ദേവസ്വം അസിസ്റ്റന്റ് കമ്മിഷനര്‍ക്കു കത്തു നല്‍കിയിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കാമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും വൈക്കം സബ് ഗ്രൂപ്പ് ഓഫിസര്‍ സി.ടി.അനില്‍കുമാര്‍ പറഞ്ഞു.

 

എന്നാല്‍ വിവിധ മത്സ്യങ്ങള്‍ വളരുന്ന കുളത്തില്‍ കരിമീന്‍ മാത്രം ചാകുന്നത് എന്തുകൊണ്ടാണെന്ന് അറിയാന്‍ കുളത്തിലെ വെള്ളത്തിന്റെ പിഎച്ച്, ഓക്‌സിജന്‍, അമോണിയ എന്നിവയുടെ തോത് പരിശോധിക്കേണ്ടി വരുമെന്ന് വൈക്കം മത്സ്യഭവന്‍ പ്രോജക്ട് ഓഫിസര്‍ എം.ബീന മോള്‍ പറഞ്ഞു.

 


കരിമീനിനെ മാത്രം ബാധിക്കുന്ന ഫംഗസ് ആണോ എന്നറിയാന്‍ കരിമീനിനെ പ്രത്യേകം പരിശോധനയ്ക്കു വിധേയമാക്കണം. സാധാരണ ഒരു കുളത്തിലെ ഒരിനം മത്സ്യങ്ങള്‍ മാത്രം ചത്തു പൊങ്ങുന്നതു അപൂര്‍വമാണെന്നും പറഞ്ഞു.

OTHER SECTIONS