By Lekshmi.19 03 2023
ബെംഗളൂരു: ഓവുചാല്‍ ഗ്രാമീണര്‍ അടച്ചതാണ് ബെംഗളൂരു-മൈസൂരു അതിവേഗപാതയിലെ വെള്ളക്കെട്ടിന് കാരണമെന്ന് കര്‍ണാടക റോഡ് ഗതാഗത വകുപ്പ്.മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗപാത ഉദ്ഘാടനം ചെയ്തത്.
എന്നാല്‍ മാര്‍ച്ച് 18ന് കനത്തമഴയില്‍ പാതയില്‍ വെള്ളം കയറുകയും ഗതാഗതം തടസ്സപ്പെടുകയും വാഹനാപകടത്തിന് ഇടയാക്കുകയും ചെയ്തു.പ്രധാനപാത ഭൂനിരപ്പില്‍നിന്ന് താണ് കടന്നുപോകുന്ന ഭാഗത്തെ വെള്ളക്കെട്ടില്‍ കാര്‍ കുടുങ്ങുകയും കാറിനുപിന്നില്‍ വന്ന വാഹനങ്ങള്‍ ഒന്നിനുപിന്നാലെ ഒന്നായി ഇടിക്കുകയും ചെയ്തു.
തങ്ങളുടെ കൃഷിയിടങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും പ്രവേശിക്കുന്നതിനായി മദപുരത്തേയും സമീപഗ്രാമങ്ങളിലേയും ഗ്രാമീണര്‍ അതിവേഗപാതയുടെ ഭാഗത്തുള്ള ഓവുചാല്‍ മൂന്ന് മൂറ്ററോളം വീതിയില്‍ മണ്ണിട്ടുനികത്തി എളുപ്പവഴി നിര്‍മിച്ചതോടെ ഓവുചാലിലൂടെയുള്ള നീരൊഴുക്ക് തടസപ്പെടുകയും അതിവേഗപാതയില്‍ വെള്ളം കയറുകയും ചെയ്തതായി ഗതാഗതവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ വിശദമാക്കി.