ചൊവ്വരയില്‍ വിദേശ യുവതി പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഷെഫിന്റെ ഇടപെടലില്‍; പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പഴുതൊരുക്കി വിഴിഞ്ഞം പൊലീസ്

By Web Desk.04 02 2023

imran-azhar

 


* ഷെഫ് എത്തിയില്ലായിരുന്നുവെങ്കില്‍ ലാത്വിന്‍ യുവതിയുടെ അവസ്ഥ വരുമായിരുന്നു

 

* സംഭവം ചൊവ്വരയ്ക്കു സമീപത്തെ റിസോര്‍ട്ടില്‍ ചികിത്സയ്ക്കെത്തിയ വിദേശ വനിതയ്ക്ക്

 

* യുവതി പറഞ്ഞത് ഒന്ന്, മൊഴിയായി എഴുതിയത് മറ്റൊന്ന്

 

* പ്രതികള്‍ക്കെതിരെ ഗുരുതരമായ കുറ്റത്തിന് ചെറിയ വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു 


* പ്രതികളുമായി പൊലീസിന് ഉറ്റ ബന്ധമെന്ന് ആരോപണം

 

 

തിരുവനന്തപുരം: ചൊവ്വരയില്‍ പീഡനശ്രമത്തിനിടെ വിദേശ യുവതി രക്ഷപ്പെട്ടത് ഹോട്ടല്‍ ഷെഫിന്റെ ഇടപെടലില്‍. അദ്ദേഹം എത്തിയില്ലായിരുന്നുവെങ്കില്‍ കുറച്ചു നാള്‍ മുമ്പ് കോവളത്ത് പൈശാചികമായി കൊല്ലപ്പെട്ട ലാത്വിന്‍ യുവതിയുടെ ഗതി ഈ യുവതിക്കും വരുമായിരുന്നു. എന്നാല്‍ വിഴിഞ്ഞം പൊലീസ് ചെയ്തതാകട്ടെ പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

 


ഗുരുതരമായ കുറ്റം ചെയ്തവര്‍ക്കെതിരെ സ്റ്റേഷന്‍ ജാമ്യം ലഭിക്കത്തക്ക വകുപ്പുകള്‍ ചുമത്തി വിട്ടയച്ചു. കഴിഞ്ഞ ദിവസം ചൊവ്വരയ്ക്കു സമീപത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ ചികിത്സയ്ക്കെത്തിയ വിദേശ വനിതയ്ക്കു നേരെയാണ് പീഡനശ്രമം നടന്നത്. ഹോട്ടലിലെ ഷെഫിന്റെ സമയോചിതമായ ഇടപെടലാണ് യുവതിയെ രക്ഷപ്പെടുത്തിയത്. രാത്രിയോടെ ഹോട്ടലിനു സമീപത്തെ ബീച്ചില്‍ നിന്ന വിദേശ വനിതയെ പ്രദേശത്തെ അഞ്ചംഗ സംഘം ആക്രമിക്കുകയായിരുന്നു. ഈ സംഭവം കണ്ട ഹോട്ടലിലെ അന്യസംസ്ഥാനക്കാരനായ ഷെഫ് ഓടിയെത്തിയതു കൊണ്ടു മാത്രമാണ് യുവതി രക്ഷപ്പെട്ടത്. അക്രമികളില്‍ നിന്നും യുവതിയെ രക്ഷിക്കുന്നതിനിടെ ഷെഫിനെ ആക്രമിച്ചു. അഞ്ചംഗ സംഘം കൂട്ടമായി ഷെഫിനെ ആക്രമിക്കുന്നതിനിടെ യുവതി രക്ഷപ്പെട്ട് ഹോട്ടലിലേക്കെത്തുകയായിരുന്നു. ഉടന്‍തന്നെ വിഴിഞ്ഞം പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു.

 


പരാതിയുടെ അടിസ്ഥാനത്തില്‍ ആയുര്‍വേദ വിഴിഞ്ഞം പൊലീസ് ചൊവ്വരയിലെ ആയുര്‍വേദ റിസോര്‍ട്ടിലെത്തി യുവതിയുടെ മൊഴിയെടുത്തു. എന്നാല്‍ അക്രമികളുടെ ആക്രമണത്തില്‍ ഭയന്നു വിറച്ച അവസ്ഥയിലായിരുന്നു യുവതി. വനിതാ പൊലീസിനെയും കൂട്ടി വിഴിഞ്ഞം സ്റ്റേഷനിലെ എസ്ഐ ആണ് മൊഴിയെടുക്കാനെത്തിയത്. എന്നാല്‍ വിദേശ യുവതി പറഞ്ഞ കാര്യങ്ങളല്ല മൊഴിയില്‍ എഴുതിച്ചേര്‍ത്തതെന്നാണ് വിവരം.

 


മൊഴി രേഖപ്പെടുത്തി പോയ ശേഷം പിന്നീട് പൊലീസിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഈ വിഷയം വാര്‍ത്തയായതോടെ പൊലീസ് വീണ്ടും യുവതിയുടെ മൊഴിയെടുക്കാന്‍ ഹോട്ടലിലെത്തി. ഈ സമയം പൊലീസുകാരുടെ മട്ടും ഭാവവും മാറിയിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തുന്ന തരത്തിലായിരുന്നു മൊഴിയെടുക്കല്‍. പേടിച്ചു വിറച്ച യുവതി തനിക്കു നേരിട്ട അനുഭവം വിവരിക്കുകയും ചെയ്തു. എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങളല്ല മൊഴിയില്‍ രേഖപ്പെടുത്തിയതെന്നും അതുകൊണ്ടാണ് പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചതെന്നും ആക്രമണത്തിനിരയായ വിദേശ യുവതി പറയുന്നു.

 


വിദേശ വനിതയുടെ പിതാവിനെ നാട്ടിലേക്കു തിരിച്ചു പോകാന്‍ എയര്‍പോട്ടിലേക്ക് പോകാനായി യുവതി ടാക്സി വിളിച്ചിരുന്നു. അങ്ങനെ യുവതിയുടെ ഫോണ്‍ നമ്പര്‍ അക്രമി സംഘങ്ങള്‍ കൈക്കലാക്കി. അതുവഴി അശ്ലീല മെസേജുകള്‍ അയക്കുക പതിവായിരുന്നു. ഇതില്‍ പ്രതികരിക്കാതിരുന്ന യുവതിയെ അക്രമി സംഘം പിന്തുടരുന്നുണ്ടായിരുന്നു. തക്കം പാര്‍ത്തിരുന്ന അക്രമികള്‍ യുവതി ഹോട്ടലിനു പുറത്തിറങ്ങിയതോടെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.

 


സംഭവത്തില്‍ ആദ്യം കേസെടുക്കാതിരുന്ന പൊലീസ് വിവാദമായതോടെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയാണ് എഫ്ഐആര്‍ ഇട്ടത്. ഇതോടെ പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം അനുവദിച്ചു വിട്ടയച്ചു. വിഴിഞ്ഞം സ്വദേശികളായ ആന്റണി, ജോണ്‍സണ്‍, കണ്ടാലറിയാവുന്ന മറ്റു മൂന്നുപേര്‍ക്കെതിരെയാണ് എഫ്ഐആറിട്ടത്. ഇതില്‍ ആന്റണി എന്നയാളെ മാത്രമാണ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം ജാമ്യം നല്‍കി വിട്ടയച്ചത്. മറ്റു നാലുപേരെ അറസ്റ്റ് ചെയ്യാന്‍ പോലും പൊലീസ് തയാറായില്ല.

 


കുറച്ചു നാള്‍ മുമ്പാണ് ലത്വീന്‍ യുവിയെ കോവളത്തിനു സമീപം വച്ച് പീഡിപ്പിച്ച് പൈശാചികമായി കൊലപ്പെടുത്തിയത്. കേരളത്തെ പിടിച്ചു കുലുക്കിയ കേസായിരുന്നു അത്. ആ കേസിലെ പ്രതികള്‍ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് വിദേശ വിനിതയെ ആക്രമിക്കാന്‍ ചൊവ്വരയില്‍ ശ്രമം നടന്നത്. ഹോട്ടലിലെ ഷെഫ് ആക്രമണം കാണാതിരുന്നെങ്കില്‍ ഒരുപക്ഷേ ലത്വിന്‍ യുവതിയുടെ അവസ്ഥ ഈ യുവതിക്കും ഉണ്ടാകുമായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു.

 


വിഴിഞ്ഞം പൊലീസും കേസിലെ പ്രതികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് സ്റ്റേഷന്‍ ജാമ്യം ലഭിക്കാന്‍ കാരണം. ഈ പ്രദേശത്ത് കഞ്ചാവ് മാഫിയ ഉള്‍പ്പെടെ സജീവമാണ്. ഇവര്‍ക്ക് വിഴിഞ്ഞം സ്റ്റേഷനിലെ പൊലീസുകാരില്‍ നിന്നുള്ള സംരക്ഷണവുമുണ്ട്. മാത്രമല്ല കഴിഞ്ഞ ദിവസം വിദേശ വനിതയെ ആക്രമിച്ച കേസിലെ പ്രതികളുമായി സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് അടുപ്പമുണ്ട്. അതാണ് പ്രതികള്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിക്കാന്‍ കാരണമെന്നും ആക്ഷേപം ഉയരുകയാണ്.