എഫ്.ഐ.ടിക്ക് പുതുജീവന്‍; ചാരിതാര്‍ത്ഥ്യത്തോടെ ടി.കെ.മോഹനന്‍ പടിയിറങ്ങി

By Web Desk.17 06 2021

imran-azhar

 


ആലുവ: അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്നും ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് (എഫ്.ഐ.ടി.) നെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാക്കി ചെയര്‍മാന്‍ ടി.കെ. മോഹനന്‍ പടിയിറങ്ങി.

 

അഞ്ചു വര്‍ഷം മുമ്പ് 14 കോടിയുടെ നഷ്ടത്തിലായി താഴുവിഴുന്നതും കാത്തിരുന്ന സംസ്ഥാനത്തെ ഏക മരാധിഷ്ഠിത പൊതു മേഖലാ സ്ഥാപനത്തെ 50 ലക്ഷം രൂപ ലാഭത്തിലും വൈവിധ്യവത്കരണത്തിലും എത്തിച്ച ശേഷമാണ് ടി.കെ.മോഹനന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞത്.

 

ടി.കെ. മോഹനന്‍ ചെയര്‍മാനായുള്ള ഭരണസമിതി അഞ്ചു വര്‍ഷം മുമ്പ് അധികാരമേല്‍ക്കുമ്പോള്‍ മുന്‍ മാനേജ്‌മെന്റ് 14 കോടി രൂപയാണ് നഷ്ടമുണ്ടാക്കിയിരുന്നത്. ഇത് കുറച്ച് കൊണ്ടുവരികയും കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ സ്ഥാപനം ലാഭമുണ്ടാക്കുകയും ചെയ്തു.

 

18-19 ല്‍ 3.38 ലക്ഷം രൂപയും 19-20 ല്‍ 42.89 ലക്ഷം രൂപയുമാണ് എഫ്.ഐ.ടിക്ക് ലാഭം നേടാനായത്. പ്രധാനമായും സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ ഫര്‍ണിച്ചര്‍ നിര്‍മിച്ച് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന എഴുപതു വര്‍ഷത്തിലധികം പ്രവര്‍ത്തന പാരമ്പര്യമുള്ള സ്ഥാപനമാണ് എഫ്.ഐ.ടി.

 

മുടങ്ങിക്കിടന്ന ഏഴ് വര്‍ഷക്കാലത്തെ ഓഡിറ്റ് പൂര്‍ത്തിയാക്കി സ്ഥാപനത്തിന് നഷ്ടപ്പെട്ട കമ്പനി രജിസ്ട്രാരുടെ അംഗീകാരം തിരികെ പിടിക്കാനും വിവിധ വകുപ്പുകള്‍ക്കായി നല്‍കാനുണ്ടായിരുന്ന കോടിക്കണക്കിന് രൂപ നികുതി, പലിശ, പിഴപ്പലിശ എന്നിവ നാമമാത്രമാക്കി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്.

 

വാണിജ്യ വകുപ്പിന്റെ നികുതിബാധ്യത കുറയ്ക്കാനും 2019-2020 വര്‍ഷത്തെ ഓഡിറ്റ് പൂര്‍ത്തിയാകുന്നതോടെ സര്‍ക്കാരിന് നല്‍കാനുണ്ടായിരുന്ന കടബാധ്യത സര്‍ക്കാരിന്റെ തന്നെ ഓഹരിയാക്കിക്കൊണ്ടുള്ള ഉത്തരവും നടപ്പിലാവുകയാണ്. മുന്‍ ഭരണസമിതി കാലത്ത് നഷ്ടത്തിലായിരുന്ന സ്ഥാപനത്തിന് സര്‍ക്കാരില്‍ നിന്ന് കടമെടുത്ത 17 കോടിയോളം രൂപയാണ് ഇത്തരത്തില്‍ സര്‍ക്കാരിന്റെ ഓഹരിയാക്കാനുള്ള ഉത്തരവിലുള്ളത്.

 

ഏറെക്കാലമായി ഒഴിഞ്ഞ് കിടന്ന തസ്തികകളില്‍ നിയമനം നടത്താനും കോവിഡ് കാലത്ത് സ്ഥാപനം പൂട്ടിക്കിടന്നപ്പോഴും ജീവനക്കാരുടെ ശമ്പളം, ബോണസ് എന്നിവ യഥാസമയം നല്‍കാനും സാധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ ദീര്‍ഘകാല വേതനക്കരാര്‍ പ്രകാരം 30 ശതമാനം വര്‍ദ്ധനവ് മാനേജ്മെന്റ് അംഗീകരിച്ചിട്ടുണ്ട്. കൂടാതെ സ്ഥാപനത്തിലെ ഉല്പാദനം, ജീവനക്കാരുടെ ലഭ്യത, പ്രമോഷന്‍ എന്നിവയെപ്പറ്റി പഠിക്കാന്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ (സിഎംഡി) ചുമതലപ്പെടുത്തി. സ്ഥാപനത്തിലെ ജീവനക്കാരുടെ അറിവും കഴിവും വര്‍ദ്ധിപ്പിക്കുന്നതിനായി വിവിധ പരിശീലന പരിപാടികളും ഉടന്‍ ആരംഭിക്കും.

 

പുതിയ വിപണി സാദ്ധ്യകള്‍ക്ക് അനുസൃതമായി ആധുനിക രീതിയിലുള്ളതും കുറഞ്ഞ വിലയും ഉയര്‍ന്ന ഗുണനിലവാരവുമുള്ള ഫര്‍ണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് എഫ്.ഐ.ടി. അടുത്ത അഞ്ച് വര്‍ഷക്കാലയളവില്‍ കേരളത്തിലെ ഈ മേഖലയുടെ നേതൃനിരയിലേക്ക് ഉയരത്തക്ക വിധത്തില്‍ വിവിധ വിപുലീകരണ വികസന പദ്ധതികളാണ് എഫ്.ഐ.ടി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നതെന്ന് ടി.കെ. മോഹനന്‍ അറിയിച്ചു.

 

ഫര്‍ണിച്ചറുകള്‍ ഡിസൈന്‍ ചെയ്യുന്നതിന് കേരള സംസ്ഥാന ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കേരളത്തിലെ ചെറുകിട സൂക്ഷ്മ മരോല്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍, ഈ മേഖലയില്‍ പ്രാവിണ്യമുള്ളവര്‍ എന്നിവരെയെല്ലാം കണ്ണിചേര്‍ത്ത് ഉല്പന്ന നിര്‍മാണം, വിപണനം എന്നിവ നടത്തുന്നതിനുള്ള പദ്ധതിയുണ്ട്. ഉല്പാദനത്തിന് ആവശ്യമായ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനും അനുബന്ധ വരുമാനം നല്‍കുന്ന കുടിവെള്ള പദ്ധതിക്കും ഈ ബഡ്ജറ്റ് പ്രകാരം തുക അനുവദിച്ചിട്ടുണ്ട്. ഇവ സമയബന്ധിതമായി തീര്‍ക്കാനുള്ള പ്രവര്‍ത്തനവും നടക്കുകയാണ്.

 

രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച സീറോ വേസ്റ്റ് പദ്ധതി വിപുലപ്പെടുത്തി ഫിംഗര്‍ ജോയിന്റ് ഫര്‍ണിച്ചര്‍ നിര്‍മാണം, വുഡ് ഫ്‌ളോറിംഗ്, മറ്റ് മൂല്യവര്‍ദ്ധിത ഉല്പന്ന നിര്‍മാണം എന്നിവ അടങ്ങിയ പദ്ധതിയും സര്‍ക്കാര്‍ അംഗീകാരത്തിന് നല്‍കിയിട്ടുണ്ട്. ഡിസൈന്‍ സ്റ്റുഡിയോ, കമ്പ്യൂട്ടര്‍ നിയന്ത്രിത ഉല്പാദന യന്ത്രങ്ങള്‍, ക്ലാസ്സ് മുറികള്‍ എന്നിവയെല്ലാം ചേര്‍ന്ന പരിശീലന പദ്ധതി, ഫര്‍ണിച്ചറുകളുടെയും മര ഉല്പന്നങ്ങളുടെയും യഥാര്‍ത്ഥ ഇനം തിരിച്ചറിയാനും ഗുണനിലവാരം അളക്കുവാനുമുള്ള ലബോറട്ടറി സംവിധാനം എന്നിവയും സര്‍ക്കാര്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.

 

മരോല്പന്ന മേഖലയുടെ പൈതൃകം, ഇന്ന് ഭാരതത്തില്‍ ഇല്ലാത്തതും അവശ്യവുമായ മരങ്ങള്‍, വിശേഷപ്പെട്ട ഉല്പന്ന മാതൃകകള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഒരു മ്യൂസിയത്തിന്റെ പദ്ധതിയും സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ പദ്ധതികളെ കോര്‍ത്തിണക്കി കേരളത്തിലെ ശില്പ വൈവിദ്യത്തിന്റെ മൂര്‍ത്തീഭാവമായ പെരുന്തച്ചന്റെ പേരിലുള്ള പെരുന്തച്ചന്‍ വുഡ് ടെക്നോളജി സെന്റര്‍ എന്ന പദ്ധതിയും 2017ല്‍ തന്നെ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളതാണ്.

 

ഈ പദ്ധതികളെല്ലാം സമഗ്രമായോ ഭാഗികമായോ നടപ്പാക്കുക വഴി കേരളത്തിലെ പൊതുമേഖലക്ക് ഒരു മാതൃകയാവുക എന്നതാണ് വരും വര്‍ഷങ്ങളിലെ സ്ഥാപനത്തിന്റെ ലക്ഷ്യം.

 

 

 

 

OTHER SECTIONS