മൃതശരീരങ്ങള്‍ വെട്ടിമുറിച്ച് വിറ്റു; പ്രതിക്ക് 20 വര്‍ഷം തടവ്

By Web Desk.06 01 2023

imran-azhar

 


മൃതദേഹങ്ങള്‍ വിറ്റ് കാശാക്കി. അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. ഫ്യൂണറല്‍ ഹോം ഉടമയാണ് മൃതദേഹ വില്‍പ്പന നടത്തിയത്. സംസ്‌കരിക്കാനായി എത്തിച്ച മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ വെട്ടിമുറിച്ചു വില്‍പ്പന നടത്തുകയായിരുന്നു.

 

സംഭവത്തില്‍ ഫ്യൂണറല്‍ ഹോം ഉടമ നാല്‍പ്പത്തിയാറുകാരി മേഗന്‍ ഹെസിന് 20 വര്‍ഷം തടവുശിക്ഷയാണ് ലഭിച്ചത്. മേഗന്റെ അമ്മ 69കാരിയായ ഷേര്‍ലി കോച്ചും കുറ്റക്കാരിയാണെന്നു കണ്ടെത്തി. ഷേര്‍ളിയെ 15 വര്‍ഷം തടവിനു ശിക്ഷിച്ചു.

 

മൃതദേഹങ്ങള്‍ വെട്ടിമുറിച്ചത് മേഗന്റെ അമ്മയായിരുന്നു. ഗവേഷണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കാണ് ശരീരഭാഗങ്ങള്‍ വിറ്റത്. പണത്തിനു വേണ്ടിയാണ് മേഗനും അമ്മയും മൃതദേഹ വില്‍പ്പന നടത്തിയത്.

 

റോയിറ്റേഴ്‌സാണ് അമേരിക്കയിലെ അവയവക്കച്ചവടവുമായി ബന്ധപ്പെട്ട ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. മേഗന്റെയും അമ്മയുടെയും അവയവക്കച്ചവടം ഫ്യൂണറല്‍ ഹോം മുന്‍ ജീവനക്കാരനാണ് റോയിറ്റേഴ്‌സിനോട് വെളിപ്പെടുത്തിയത്. 2018 ലാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നത്. വാര്‍ത്ത പ്രസിദ്ധീകരിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എഫ്ബിഐ സ്ഥാപനം റെയ്ഡ് ചെയ്തു.

 

അമേരിക്കയില്‍ ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിനായി വില്‍ക്കുന്നത് നിയമവിരുദ്ധമാണ്. തല, കൈകള്‍, നട്ടെല്ല് തുടങ്ങിയ ശരീരഭാഗങ്ങള്‍ വില്‍ക്കുന്നത് അമേരിക്കയില്‍ നിയമവിരുദ്ധമല്ല. നിയമത്തിലെ ഈ പഴുത് ഉപയോഗിച്ചാണ് മേഗന്‍ അവയവ വില്‍പ്പന നടത്തിയത്.

 

 

 

OTHER SECTIONS