By web desk .26 11 2022
ന്യൂഡല്‍ഹി: പൊലീസ് ഉദ്യോഗസ്ഥനെ തള്ളുകയും മോശമായി പെരുമാറയെന്നും ആരോപിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
ഡല്‍ഹി കോര്‍പറേഷനിലേക്ക് ഡിസംബര്‍ 4നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന് ഷഹീന്‍ബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിയില്ലാതെ ജാമിയ നഗറില്‍ യോഗം നടത്തുകയും ഇതു തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ആസിഫ് പിടിച്ചുതള്ളുകയും മോശമായി പെരുമാറുകയും ചെയ്തതായി ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു.
പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള എഎപി പ്രവര്‍ത്തകരുടെ ശ്രമം തടയാനെത്തിയപ്പോള്‍ പൊലീസ് അകാരണമായി ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം.പൊലീസ് സംഘം വീട്ടിലെത്തി ബലംപ്രയോഗിച്ചാണ് പിതാവിനെ കസ്റ്റഡിയിലെടുത്തതെന്ന് ആരിബ ആരോപിച്ചു.