By Web desk.22 09 2023
അരൂര്‍: ഡല്‍ഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ മൂന്നംഗ സംഘം ആക്രമിച്ച് പരിക്കേല്പിച്ചു. എരമല്ലൂര്‍ ചമ്മനാട് മലയില്‍ വീട്ടില്‍ ഗംഗാധരക്കുറുപ്പിന്റെ മകന്‍ എം.ജി. രാജേഷിനാണ് ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റത്. സംഭവത്തില്‍ അമ്മയും മക്കളുമായ ഡല്‍ഹി സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. . ഇവര്‍ക്കെതിരേ നരഹത്യാശ്രമ കുറ്റം ചുമത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി രഘുവീര്‍ നഗറിലാണ് സംഭവം.
അശോക് വിഹാര്‍ സബ് ഡിവിഷനിലെ എ.സി.പി. ഓഫീസില്‍ ജോലിചെയ്യുന്ന രാജേഷ് ആറ് കിലോമീറ്റര്‍ അകലെയുള്ള തിലക് നഗറിലെ പൊലീസ് കോളനിയിലെ വീട്ടിലേക്ക് പോകവെയാണ് സംഭവം. അമിത വേഗത്തില്‍ മുന്നില്‍ പോയ കാര്‍ പൊടുന്നനെ ബ്രേക്ക് ചെയ്തതോടെ രാജേഷിന്റെ കാര്‍ ഇതില്‍ തട്ടി. പ്രകോപിതരായ മൂന്നംഗ സംഘം മരക്കഷ്ണമുപയോഗിച്ച് രാജേഷിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത്, സീറ്റിലിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീ ഇഷ്ടികക്കഷ്ണം കൊണ്ട് തലയ്ക്കടിച്ചു. കണ്ണിനും സാരമായി പരിക്കേറ്റട്ടുണ്ട്.
തലയില്‍ എട്ട് തുന്നലുകളുമായി പഞ്ചാബി ബാഗിലെ മഹാരാജ അഗ്രവൈന്‍ ആശുപത്രിയില്‍ ചികിത്സയിലാണ് രാജേഷ്. ആക്രമണം നടത്തിയ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ തിഹാര്‍ ജയിലിലേക്ക് മാറ്റി.