' ഗ്രോ വാസുവിനെതിരെ എടുത്തത് കള്ളക്കേസ്; വിഷയം നിയമസഭയില്‍ ഉന്നയിക്കും '

By Greeshma Rakesh.09 09 2023

imran-azhar

 

 

തിരുവനന്തപുരം: ഗ്രോ വാസുവിനെതിരെ എടുത്തത് കള്ളക്കേസാണെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.ഗ്രോ വാസുവിനെ ജയിലിലടച്ച നടപടിയിലൂടെ സര്‍ക്കാരാണ് പരിഹാസ്യരാകുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ ആര്‍ക്കും തളര്‍ത്താനാവില്ല.

 

നിയമസഭ തല്ലി തകര്‍ത്തവര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ തയ്യാറായവര്‍ ഗ്രോ വാസുവിനെതിരായ കേസ് എന്ത് കൊണ്ട് പിന്‍വലിക്കുന്നില്ലെന്നും വിഡി സതീശന്‍ ചോദിച്ചു. ഗ്രോ വാസുവും പുതുപള്ളിയിലെ സതിയമ്മയുമൊക്കെയാണ് സര്‍ക്കാരിന്റെ ശത്രുക്കള്‍. എന്ത് വിപ്ലവ പാര്‍ട്ടിയാണ് സിപിഎം? നമ്മളാണ് അദ്ദേഹത്തിന് മുന്നില്‍ തല കുനിക്കേണ്ടതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

 
ഗ്രോ വാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. അദ്ദേഹത്തോടുളള പൊലീസിന്റെ പെരുമാറ്റത്തില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വന്ദ്യവയോധികനായ ഗ്രോ വാസുവിന്റെ വായ് മൂടിക്കെട്ടുന്ന പൊലീസുകാരുടെ ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ കണ്ടു.

 
94 കാരനായ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുദ്രാവാക്യം വിളിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്റെ കൈ ബലമായി പിടിച്ചു താഴ്ത്തുകയാണ് പൊലീസ് ചെയ്തത്. മനസാക്ഷിയുള്ളവരെ വേദനിപ്പിക്കുന്ന കാഴ്ചയാണതെന്നും വി ഡി സതീശന്‍ കത്തില്‍ പറയുന്നു. എന്താണ് ഗ്രോ വാസു ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു.

 

തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ മനുഷ്യരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വെടിവച്ച് കൊന്നതിനെതിരെ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റമെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

 

 

 

കുടിവെള്ളമെന്ന് കരുതി ബാറ്ററിയിലെ വെള്ളം മദ്യത്തിലൊഴിച്ചു കുടിച്ചു; ഇടുക്കിയില്‍ വയോധികന്‍ മരിച്ചു

 

തൊടുപുഴ: കുടിവെള്ളമെന്ന് കരുതി ബാറ്ററിയിലെ വെള്ളം മദ്യത്തില്‍ ഒഴിച്ചുകഴിച്ച വയോധികന്‍ മരിച്ചു. മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് മുരിക്കാശ്ശേരി പോലീസ് കേസെടുത്തു.

 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. തോപ്രാംകുടിയിലെ കെട്ടിടനിര്‍മാണ ജോലിസ്ഥലത്തുവെച്ചാണ് ഇയാള്‍ മദ്യപിച്ചത്. മദ്യപിച്ച സ്ഥലത്ത് കുപ്പിവെള്ളം മാറിപ്പോയാണ് അപകടമുണ്ടായത് എന്നാണ്  വിവരം.

 

ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മോഹനന്‍ ശനിയാഴ്ചയാണ് മരണപ്പെടുന്നത്. വെള്ളക്കുപ്പികള്‍ അബദ്ധത്തില്‍ മാറിപ്പോയതെന്നാണ് പോലീസ് കണ്ടെത്തല്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

OTHER SECTIONS