ഗുജറാത്ത് കലാപം; കൊലപാതകം കൂട്ടബലാത്സംഗ കേസ് പ്രതികളെ വെറുതെ വിട്ടു

By Greeshma Rakesh.02 04 2023

imran-azhar

 

അഹമ്മദാബാദ്: 2002ലെ വര്‍ഗീയ കലാപത്തിനിടെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് ഗുജറാത്ത് കോടതി. കലോലില്‍ നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ 12ലധികം പേരെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 26 പേരെയാണ് പഞ്ച്മഹല്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടത്. 20 വര്‍ഷം പഴക്കമുള്ള കേസില്‍ തെളിവുകളുടെ അഭാവത്തിലാണ് കോടതി വിധി. ആകെയുള്ള 39 പ്രതികളില്‍ 13 പേര്‍ വിചാരണക്കിടെ മരിച്ചിരുന്നു.

 


പ്രതികള്‍ ചെയ്ത കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്നും വിചാരണക്കിടെ 13 പ്രതികള്‍ മരിച്ചെന്നും അഡീഷണല്‍ സെഷന്‍സ് ജഡ്ജി ലീലാഭായ് ചുദാസാമ കോടതി ഉത്തരവില്‍ പറഞ്ഞു. ഗോധ്രയില്‍ സബര്‍മതി ട്രെയിന്‍ കത്തിച്ച സംഭവത്തിന് ശേഷം നടന്ന ബന്ദ് ആഹ്വാനത്തിനിടെയാണ് 2002 മാര്‍ച്ച് ഒന്നിന് വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലോല്‍ പൊലീസ് സ്റ്റേഷനിലാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രോസിക്യൂഷന്‍ 190 സാക്ഷികളെയും 334 തെളിവുകളും വിസ്തരിച്ചു. എന്നാല്‍ സാക്ഷികളുടെ വിവരണങ്ങളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് കോടതി കണ്ടെത്തി.

 


പല സാക്ഷികളും പ്രൊസിക്യൂഷന്റെ വാദത്തെ തള്ളി. 2002 മാര്‍ച്ച് ഒന്നിന് ഗാന്ധിനഗര്‍ ജില്ലയിലെ കലോല്‍ നഗരത്തില്‍ രണ്ട് വ്യത്യസ്ത സമുദായങ്ങളില്‍ നിന്നുള്ള 2,000-ത്തിലധികം ആളുകള്‍ ഏറ്റുമുട്ടിയെന്നും നിരവധി കടകള്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തിരുന്നു. പൊലീസ് വെടിവയ്പില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളെ ജീവനോടെയാണ് കത്തിച്ചത്.

 

ആരാധനാലയത്തില്‍ നിന്ന് പുറത്തിറങ്ങിയ ഒരാളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍, കലോലിലേക്ക് വരികയായിരുന്ന 38 പേര്‍ ആക്രമിക്കപ്പെടുകയും അവരില്‍ 11 പേരെ ജീവനോടെ കത്തിക്കുകയും ചെയ്തു. ഒരു സ്ത്രീയും മറ്റുള്ളവരും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ടുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

OTHER SECTIONS