സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചത് ഹാദി മറ്റാര്‍; ഇറാനോട് ഏറെ പ്രിയം

By priya.13 08 2022

imran-azhar

 


ന്യൂയോര്‍ക്ക്: പടിഞ്ഞാറന്‍ ന്യൂയോര്‍ക്കില്‍ പ്രഭാഷണ വേദിയില്‍ വെച്ച് ഇംഗ്ലീഷ് നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചത് ഇരുപത്തിനാലുകാരനായ ഹാദി മറ്റാര്‍.
നിലവില്‍ ഫെയര്‍വ്യൂവിലാണ് ഹാദി മറ്റാര്‍ താമസിക്കുന്നത്. റുഷ്ദിക്കു കുത്തേറ്റത്തിനു തൊട്ടുപിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

അതേസമയം, ഹാദി മറ്റാറിനെതിരെ ഇതുവരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റുഷ്ദിയുടെ സ്ഥിതി കൂടി പരിഗണിച്ചായിരിക്കും ചുമത്തേണ്ട കുറ്റങ്ങള്‍ തീരുമാനിക്കുകയെന്നാണ് വിശദീകരണം.

 

ഷട്ടോക്വ വിദ്യാഭ്യാസകേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തിവീഴ്ത്തുകയായിരുന്നു. നിലത്തുവീണ റുഷ്ദിക്ക് ഡോക്ടര്‍ അടിയന്തര വൈദ്യശുശ്രൂഷ നല്‍കിയശേഷമാണ് ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയത്.

 

പ്രാദേശിക സമയം ഇന്നലെ രാവിലെ 11 ന് ആയിരുന്നു സംഭവം. (ഇന്ത്യന്‍ സമയം രാത്രി 8.30). റുഷ്ദിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കറുത്ത വസ്ത്രധാരിയായ അക്രമി മിന്നല്‍വേഗത്തില്‍ റുഷ്ദിക്കു പിന്നിലെത്തി കുത്തിയെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.


ഹാദി മറ്റാറിന് ഇറാനോടുള്ള 'സ്‌നേഹ'ത്തെക്കുറിച്ചുള്ള സൂചനകള്‍ അവസാനിക്കുന്നില്ല.സല്‍മാന്‍ റുഷ്ദിക്കെതിരെ 33 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഫത്വ പുറപ്പെടുവിച്ച ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനിയുടെ ചിത്രം ഹാദി മറ്റാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ അക്കൗണ്ട് പിന്നീട് നീക്കം ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

 

1988ല്‍ ഇറങ്ങിയ റുഷ്ദിയുടെ നാലാമത്തെ നോവലായ 'സേറ്റാനിക് വേഴ്സസ്' വിവാദമായതോടെ പ്രവാചകനിന്ദ ആരോപിച്ച് ഇറാനില്‍ നിരോധിച്ചിരുന്നു. തുടര്‍ന്ന് റുഷ്ദിയെ വധിക്കാന്‍ 1989 ഫെബ്രുവരി 14ന്് ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിക്കുകയും ചെയ്തു.

 

ഹാദി മറ്റാറിന്റെ ഫോണില്‍നിന്ന് ഇറാന്റെ വികാരമായിരുന്ന സേനാ കമാന്‍ഡര്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ ചിത്രവും കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഒരു കാലത്ത് റുഷ്ദിയെ ഏറ്റവും വലിയ ശത്രുവായി കണ്ടിരുന്ന ഇറാനോടുള്ള സ്‌നേഹമാണോ ഹാദി മറ്റാറിനെ ആക്രമണത്തിനു പ്രേരിപ്പിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.

 

ചടങ്ങില്‍ പങ്കെടുക്കാനുള്ള പാസ് ഹാദി മറ്റാറിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഹാദി മറ്റാറിന്റെ രേഖകളിലുള്ളത് ന്യൂജഴ്‌സിയിലെ ഫെയര്‍വ്യൂവിലെ വിലാസമാണ്. സംഭവസ്ഥലത്തുനിന്ന് ഒരു ബാഗും ചില ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇത് ഹാദി മറ്റാറിന്റേതാണെന്ന് സൂചനയുണ്ട്.

 

 

 

 

 

OTHER SECTIONS