By Hiba.19 09 2023
കോഴിക്കോട്: സംസ്ഥാനത്ത് പുതിയ നിപ വൈറസ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 11 പേരാണ് ഐസലേഷനിലുള്ളത്. ചികിത്സയില്‍ കഴിയുന്ന ഒമ്പതുവയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ആദ്യ രോഗിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 281 പേരുടെ ഐസലേഷന്‍ പൂര്‍ത്തിയായി. വീടുകള്‍ കയറിയുള്ള സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. നിപ വൈറസിന് വകഭേദം സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
2018ലും 2021ലും ഇത്തവണയും മനുഷ്യരില്‍ പ്രവേശിച്ചത് ഒരേ വകഭേദത്തിലുള്ള നിപ വൈറസ് തന്നെയാണ്. പഠനം നടത്തിയ കേന്ദ്രസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അമിത ആത്മവിശ്വാസം പാടില്ലെന്നും ജാഗ്രത തുടരണമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിപ പരിശോധനയ്ക്കയച്ച 49 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യപ്രവര്‍ത്തകരെ ചെറിയ ലക്ഷണങ്ങളോടെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധിക്കും. നിലവില്‍ നാല് പേരാണ് നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.