സംസ്ഥാനത്ത് കനത്ത മഴ; ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട്, കാലവര്‍ഷം ശനിയാഴ്ച എത്തിയേക്കും

By Priya .31 05 2023

imran-azhar

 

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. വ്യാപകമായ ഇടിമിന്നലും കാറ്റിനോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

 

ഇടുക്കിയില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അതേസമയം, സംസ്ഥാനത്ത് ശനിയാഴ്ച കാലവര്‍ഷം എത്തിയേക്കും.രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കന്യാകുമാരിയിലും മാലദ്വീപിലും എത്തും.

 

നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍, കിഴക്ക് മധ്യ ഭാഗങ്ങളിലും കാലവര്‍ഷം എത്തി. കാലവര്‍ഷത്തിനു മുന്നോടിയായി വരും ദിവസങ്ങളില്‍ മഴ തുടരാനാണു സാധ്യത. തെക്കന്‍ ജില്ലകളിലാകും കൂടുതല്‍ മഴ ലഭിക്കുക.

 

നാളെയും ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ടാണ്. ജൂണ്‍ 2ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ജൂണ്‍ 3ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.കേരള- കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

ജൂണ്‍ രണ്ടിനും മൂന്നിനും ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന തെക്കന്‍ തമിഴ്നാട് തീരം, തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്ന തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതിയിലും പ്രദേശത്തും മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ല.

 

 

 

 

OTHER SECTIONS