സംസ്ഥാനത്ത് ശക്തമായ മഴ; 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, കോട്ടയത്തും കനത്ത മഴ

By priya.22 09 2023

imran-azhar

 

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതചുഴിയും ന്യുനമര്‍ദ്ദവും നിലനില്‍ക്കുന്നതാണ് സംസ്ഥാനത്തെ ശക്തമായ മഴയ്ക്ക് കാരണം.

 

മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് 22.09.2023 രാത്രി 11.30 വരെ 1.7 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

അതേസമയം ഇന്നലെ കോട്ടയം ഉള്‍പ്പടെയുള്ള ജില്ലകളില്‍ ശക്തമായ മഴയാണ് പെയ്തത്. തീക്കായി, തലനാട്, അടുക്കം ഭാഗങ്ങളില്‍ മൂന്നു മണിക്കൂറോളം അതിശക്തമായിരുന്നു മഴ.

 

ഇതോടെ മീനച്ചിലാറില്‍ പലയിടത്തും ജല നിരപ്പ് ഉയര്‍ന്നു. കനത്ത മഴയെത്തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ ഈരാറ്റുപേട്ട- വാഗമണ്‍ റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ വി വിഗ്നേശ്വരി അറിയിച്ചു.

 


തെക്ക് കിഴക്കന്‍ ജാര്‍ഖണ്ഡിന് മുകളില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കോമോറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അഞ്ച് ദിവസം കേരളത്തില്‍ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.

 

 

 

OTHER SECTIONS