By Priya.09 12 2022
ഷിംല: ഹിമാചല്‍ പ്രദേശില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ചകള്‍ സജീവം. മുതിര്‍ന്ന നേതാവ് സുഖ് വീന്ദര്‍ സിംഗ് സൂഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്നത്.
സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗിന്റെ പേരും ചര്‍ച്ചയിലുണ്ട്. എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കാതിരിക്കാന്‍ ഇതിനോടകം തന്നെ ചിലരെ ചണ്ഡീഗഡിലെ ഹോട്ടലിലേക്ക് മാറ്റി.
ഈ ഹോട്ടലില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ പങ്കെടുക്കുന്ന യോഗവും നടക്കും.40 സീറ്റില്‍ ജയിച്ചാണ് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് തിരിച്ചുപിടിച്ചത്. ബിജെപിയ്ക്ക് 26 സീറ്റുകള്‍ ലഭിച്ചു.
ബിജെപി കോട്ടകളില്‍ പോലും കരുത്തുകാട്ടിയാണ് കോണ്‍ഗ്രസിന്റെ വിജയം. രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്കയുടെ പ്രചാരണവും വിജയ ഘടകമായി. തൊഴില്ലില്ലായ്മ, വിലക്കയറ്റം, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങി കോണ്‍ഗ്രസ് ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവാണ് ഉജ്ജ്വല വിജയം.
ഒബിസി വോട്ടുകള്‍ നിര്‍ണായകമായ 15 സീറ്റുകളുള്ള കാംഗ്രയില്‍ 10 സീറ്റുകളില്‍ കോണ്‍ഗ്രസ് ആധിപത്യം നേടി. ആപ്പിള്‍ കര്‍ഷകര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ഷിംലയിലും കിന്നൗറും, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്വാധീനമുള്ള നഗരമേഖലകളും കോണ്‍ഗ്രസിനെ പിന്തുണച്ചു.