പെറ്റി കേസെടുത്ത് അപമാനിക്കരുത്... പൊലീസിന് മനുഷ്യാവകാശ കമ്മിഷന്റെ രൂക്ഷ വിമര്‍ശനം; സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് നിര്‍ദ്ദേശം

By web desk.08 06 2023

imran-azhar

 


കോഴിക്കോട്: പെറ്റി കേസുകളില്‍ പൊലീസിന് മനുഷ്യാവകാശ കമ്മിഷന്റെ വിമര്‍ശനം. കേസ് രേഖപ്പെടുത്തി വിട്ടയക്കേണ്ടതിനു പകരം അനാവശ്യ ഇടപെടലുകള്‍ നടത്തി വ്യക്തികളുടെ ആത്മാഭിമാനത്തെയും സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിക്കുകയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് സേനാംഗങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

 

ഗതാഗത നിയമം ലംഘിച്ചതിന് പോലീസ് സ്റ്റേഷനില്‍ ചെന്ന് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ ഫലമായി യുവാവിന് പി. എസ്. സി. പരീക്ഷയെഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ ഉത്തരവ്.

 

സംഭവത്തില്‍ ഫറോക്ക് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് പ്രസാദിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചതായി കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ഇത്തരം വീഴ്ചകള്‍ ഗൌരവത്തോടെയാണ് വീക്ഷിക്കുന്നതെന്നും ഉത്തരവില്‍ പറഞ്ഞു.

 

ഉദ്യോഗസ്ഥന്റെ അനഭിലഷണീയമായ പ്രവൃത്തി കാരണം പോലീസ് സേനയുടെ സല്‍പ്പേരിന് കളങ്കം സംഭവിച്ചിട്ടുണ്ടെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.പരാതിയില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടികള്‍ സ്വീകരിച്ചതായി സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.

 

2022 ഒക്ടോബര്‍ 25 ന് ഫറോക്ക് പുതിയ പാലത്തിന് സമീപമാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഇരുചക്രവാഹനത്തില്‍ ഓവര്‍ടേക്ക് ചെയ്യാനെത്തിയ അരുണിനോടാണ് ഗതാഗത നിയമ ലംഘനത്തിന് സ്റ്റേഷനില്‍ ചെന്ന് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചത്.

 

താന്‍ പി. എസ്. സി. പരീക്ഷയെഴുതാന്‍ പോവുകയാണെന്ന വിവരം അരുണ്‍ പറഞ്ഞില്ലെന്നാണ് പോലീസുകാരന്റെ വിശദീകരണം . പരാതിയെ തുടര്‍ന്ന് പോലീസുകാരനായ രഞ്ജിത്ത് പ്രസാദിനെ സസ്‌പെന്റ് ചെയ്തു.

 

പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്ന് അരുണ്‍ കമ്മീഷനെ അറിയിച്ച സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി.

 

 

 

 

 

 

OTHER SECTIONS