By Web Desk.03 02 2023
ന്യൂഡല്‍ഹി: ഹൈഡ്രജന്‍ ട്രെയിനുകള്‍ ഡിസംബര്‍ മുതല്‍ ഇന്ത്യയിലും ഓടിത്തുടങ്ങുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ മെട്രോ എന്ന പേരില്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ട്രെയിന്‍ അന്തരീക്ഷ മലിനീകരണം ഇല്ലാത്ത പരിസ്ഥിതി സൗഹൃദ യാത്രാ മാര്‍ഗ്ഗമാണ്.
ഹിമാചല്‍ പ്രദേശിലെ കല്‍ക്ക - സിംല ഹെറിറ്റേജ് പാതയിലാകും ട്രെയിന്‍ ഓടിത്തുടങ്ങുക. ഈ ട്രെയിനിന് ചെലവ് കൂടുതലാണ്. അതിനാല്‍, ഉടന്‍ വ്യാപകമാക്കാന്‍ സാധ്യതയില്ല.
ഡീസല്‍ എഞ്ചിനില്‍ നിന്ന് വ്യത്യസ്തമായി ഹൈഡ്രജന്‍ ഇന്ധന ബാറ്ററികളില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തനം. ഹൈഡ്രജനും ഓക്സിജനും ചേര്‍ത്താണ് വൈദ്യുതിയുണ്ടാക്കുക.
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ് പോലുള്ള ദോഷകരമായ വസ്തുക്കള്‍ പുറത്തേക്ക് വിടില്ല. നീരാവിയും വെള്ളവും മാത്രമാണ് ഉപോല്പന്നങ്ങള്‍. ശബ്ദ മലിനീകരണമില്ല. ഒറ്റ ചാര്‍ജില്‍ 1000 കിലോമീറ്റര്‍ വരെ ഓടിക്കാം. മണിക്കൂറില്‍ 140കിലോമീറ്റര്‍ വരെ വേഗതയുമുണ്ട്.
ട്രെയിനിന് ചെലവ് കൂടുതലാണ്. ചെലവ് ഡീസല്‍ എഞ്ചിനേക്കാള്‍ 27% കൂടുതല്‍. ഗ്രീന്‍ ഹൈഡ്രജന് ഇന്ത്യയില്‍ വില കിലോയ്ക്ക് 492 രൂപയാണ്.