കമ്പിളിപ്പുതപ്പ് മാറ്റിയപ്പോള്‍ കൈപുറത്തേക്കു വന്നു, അലറിക്കരഞ്ഞ് അച്ഛനമ്മമാരും സഹോദരനും പുറത്തേക്കോടി...

By Web Desk.22 03 2023

imran-azhar

 

 

കട്ടപ്പന: പേഴുംകണ്ടം വട്ടമുകളേല്‍ അനുമോളുടെ മരണത്തിന്റെ ഞെട്ടലിലാണ് കുടുംബവും നാട്ടുകാരും, ഭാര്യ ഇറങ്ങിപ്പോയെന്നാണ് ഭര്‍ത്താവ് വിജേഷ് എല്ലാവരോടും പറഞ്ഞത്. പിന്നീട് വിജേഷിനെയും കാണാതായി.

 

മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാര്‍ പാമ്പാക്കട ജോണിനെയും ഫിലോമിനയെയും ഫോണിലൂടെ വിളിച്ച് പറഞ്ഞത്. വിവരം അറിഞ്ഞ് മാതാപിതാക്കള്‍ മകളുടെ വീട്ടിലെത്തി. എന്നാല്‍, ഇരുവരും കിടപ്പുമുറിയിലേക്ക് കടക്കാതിരിക്കാന്‍ വിജേഷ് ശ്രദ്ധിച്ചു. അതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.

 

അനുമോളെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും കട്ടാക്കുകയും ചെയ്തു.

 

ചൊവ്വാഴ്ച വൈകിട്ട് അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്‌സും പേഴുംകണ്ടത്തെ വീട്ടിലെത്തി. വീട് പൂട്ടിയിരിക്കുകയായിരുന്നു. വാതില്‍ തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു.

 

തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. പരിശോധനയ്ക്കിടെ കട്ടിലിനടിയിലെ കമ്പിളിപ്പുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക് വന്നു. അതോടെ നിലവിളിച്ച് കൊണ്ട് മാതാപിതാക്കളും സഹോദരനും പുറത്തേക്കോടി.

 

നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി പരിശോധന നടത്തി.

 

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. വെള്ളിയാഴ്ച സ്‌കൂളില്‍ എത്തിയിരുന്നു. ശനിയാഴ്ച നടക്കാനിരുന്ന സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയാണ് അനുമോള്‍ വീട്ടിലേക്ക് മടങ്ങിയത്.

 

 

 

 

 

OTHER SECTIONS