By web desk.09 05 2023
ഇസ്ലാമാബാദ്: പാക് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ നാടകീയ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഴിമതി കേസില്‍ കോടതിയില്‍ വാദം കേള്‍ക്കുന്നതിനു മുന്നോടിയായി ബയോമെച്രിക് ഹാജര്‍ വയ്ക്കാന്‍ ഒരുങ്ങുമ്പോഴായിരുന്നു ഇമ്രാനെ അര്‍ധ സൈനിക വിഭാഗം അറസ്റ്റ് ചെയ്തത്.
ഇമ്രാന്റെ അഭിഭാഷകരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും മര്‍ദ്ദിച്ച് കീഴ്‌പ്പെടുത്തിയ ശേഷമായിരുന്നു അറസ്റ്റെന്നാണ് റിപ്പോര്‍ട്ട്. ജനാലയുടെ ഗ്ലാസ് തകര്‍ത്താണ് അര്‍ധ സൈനിക വിഭാഗമായ റേഞ്ചേഴ്‌സ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും ഇസ്ലാമാബാദ് ഹൈക്കോടതി വിളിച്ചുവരുത്തി. കോടതി സമുച്ചയത്തിന് അകത്തുനില്‍ക്കുന്നയാളെ അറസ്റ്റ് ചെയ്യുന്നത് നിയമപരമാണോ എന്ന് കോടതി ആരാഞ്ഞു. കോടതി വിധി പറയാന്‍ മാറ്റിവയ്ക്കുകയും ചെയ്തു.
അതിനിടെ, അറസ്റ്റിനിടെ ഇമ്രാന്റെ തലയ്ക്ക് ഇരുമ്പുവടികൊണ്ട് അടിയേറ്റതായും കാലിനു പരിക്കേറ്റെന്നും ഇമ്രാന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.