By Greeshma Rakesh.21 09 2023
ന്യൂയോര്‍ക്ക്: കനേഡിയന്‍ പൗരനും ഖലിസ്ഥാന്‍ ഭീകരനുമായ ഹര്‍ദീപ്സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം അതീവ ഗുരുതരമെന്ന് അമേരിക്ക.
സംഭവത്തില്‍ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ കോ ഓര്‍ഡിനേറ്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ജോണ്‍ കിര്‍ബി ആവശ്യപ്പെട്ടു.
കാനഡയുടെ ആരോപണത്തെ യുഎസ് പ്രസിഡന്റ് ഉള്‍പ്പെടെ ഗൗരവമായാണു നോക്കിക്കാണുന്നത്. തികച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണം നടക്കുകയാണ് വേണ്ടത്. ഇതിനു പിന്നിലെ എല്ലാ സത്യവും പുറത്തുവരണം. ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും രാജ്യാന്തര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കിര്‍ബി പറഞ്ഞു.
കാനഡ ഇതേക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കാനഡയിലെ ജനങ്ങള്‍ക്ക് അറിയണം. രണ്ടു രാജ്യങ്ങളുമായും ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്നുണ്ട്. - കിര്‍ബി വ്യക്തമാക്കി.
നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന 'വിശ്വസനീയമായ ആരോപണം' കനേഡിയന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കനേഡിയന്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചതിനു പിന്നാലെ കാനഡയും ഇന്ത്യയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളായത്.
നിജ്ജാര്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യയ്ക്കു ബന്ധമുണ്ടെന്നാരോപിച്ചാണ് റോ ഉന്നത ഉദ്യോഗസ്ഥന്‍ പവന്‍കുമാര്‍ റായിയെ തിങ്കളാഴ്ചയാണ് കാനഡ പുറത്താക്കിയത്. എന്നാല്‍ കാനഡയുടെ വാദങ്ങള്‍ തള്ളിയ ഇന്ത്യ, കാനഡ ഹൈക്കമ്മിഷണര്‍ കാമറോണ്‍ മക്കയോവെയെ വിദേശകാര്യമന്ത്രാലയ ഓഫിസില്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. പിന്നീട് കാനഡയുടെ ഇന്റലിജന്‍സ് സര്‍വീസ് തലവന്‍ ഒലിവര്‍ സില്‍വസ്റ്ററിനെ ഇന്ത്യ പുറത്താക്കി. 5 ദിവസത്തിനകം രാജ്യം വിടാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്.