By web desk.10 06 2023
വി ഡി ശെല്‍വരാജ്
അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ സ്വര്‍ണ്ണ എക്‌സ് ചേഞ്ചായ ഗുജറാത്ത് ഗാന്ധി നഗറിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ച് (ഐ.ഐ.ബി.എക്‌സ്) വഴി കേരളത്തിലേതടക്കം രാജ്യത്തെ പ്രമുഖ ജൂവലറിക്കാര്‍ സ്വര്‍ണ്ണക്കട്ടി ഇറക്കുമതി തുടങ്ങി. കഴിഞ്ഞ ജൂലായില്‍ പ്രവര്‍ത്തനം തുടങ്ങിയ എക്‌സ്‌ചേഞ്ചിലൂടെ 11 മാസത്തിനിടെ 1500 കിലോ സ്വര്‍ണ്ണം ഇറക്കുമതി ചെയ്തു.
ഇതു വരെ ബാങ്കുകള്‍ക്കും അംഗീകൃത ഏജന്‍സികള്‍ക്കും മാത്രമായിരുന്നു രാജ്യത്ത് സ്വര്‍ണ്ണ ഇറക്കുമതി ലൈസന്‍സ്. പുതിയ സൗകര്യം ഉപയോഗിച്ച് മലബാര്‍ ഗോള്‍ഡ് 25 കിലോ സ്വര്‍ണ്ണക്കട്ടി യു.എ.ഇയില്‍ നിന്ന് ഇറക്കുമതി ചെയ്ത് രാജ്യത്തെ ആദ്യ ഇറക്കുമതിക്കാരായി.
ദുബായ്, ലണ്ടന്‍, ന്യൂയോര്‍ക്ക്, ഹോങ്കോങ്ങ് എന്നിവയാണ് ലോകത്തെ വമ്പന്‍ ഗോള്‍ഡ് എക്‌സ്‌ചേഞ്ചുകള്‍. ഇതില്‍ ദുബായും ലണ്ടനുമായിരുന്നു ഇന്ത്യയുടെ ആവശ്യം നിറവേറ്റിയിരുന്നത്. ഇന്ത്യയില്‍ സ്വര്‍ണ്ണ ഇറക്കുമതി ചുങ്കം 15 ശതമാനമാണെങ്കില്‍ ബുള്ളിയന്‍ എക്‌സ് ചേഞ്ചില്‍ ഒരു ശതമാനം ഇളവ് കിട്ടും.
ലോകത്ത് സ്വര്‍ണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യ 2022 ല്‍ 8 ലക്ഷം കിലോ സ്വര്‍ണ്ണമാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ കാല്‍പങ്കോളം കേരളത്തിലെത്തുന്നു എന്നൊരു കണക്കുണ്ട്.
ഗാന്ധിനഗര്‍ ബുള്ളിയന്‍ എക്‌സ്‌ചേഞ്ചില്‍ നിന്നു വാങ്ങാവുന്ന മിനിമം തൂക്കം 5 കിലോയാണ് .ഇവിടെ 3 കൂറ്റന്‍ ലോക്കറുകളിലായി 450 ടണ്‍ സ്വര്‍ണ്ണവും 1500 ടണ്‍ വെളളിയും സംഭരിക്കാം. സ്വര്‍ണ്ണക്കട്ടിയുടെ പരിശുദ്ധി 999, 995 എന്നീ നമ്പരുകളിലാണ് അറിയപ്പെടുന്നത് - തനി തങ്കമാണെങ്കിലും ഒരു ശതമാനം മാലിന്യം അടങ്ങിയതാണ് 999 നമ്പര്‍ കട്ടി. 5 ശതമാനം മാലിന്യമുള്ളതാണ് 995. ഇത് ബുള്ളിയന്‍ എക്‌സ്‌ചേഞ്ചിലെ ഏ റ്റവും താഴ്ന്ന ഉല്പന്നമാണ്, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ ഖനികളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കട്ടികള്‍ സ്വര്‍ണ്ണ എക്‌സ്‌ചേഞ്ചില്‍ എത്തുന്നത്.
ഓരോ കട്ടിയും പുറത്തും ഖനിയുടെയും ശുദ്ധി ചെയ്ത സ്ഥാപനത്തിന്റെയും പേരുകളും തൂക്കവും രേഖപ്പെടുത്തിയിരിക്കും. ആസ്‌ട്രേലിയയിലെ പെര്‍ത്തിലുളള മീന്റില്‍ ശുദ്ധി ചെയ്ത സ്വര്‍ണ്ണകട്ടിയാണ് പരിശുദ്ധിയുടെ അളവ് കോല്‍. ഒമ്പതിന്റെ ആറ് അക്കങ്ങള്‍ നിരയായി എഴുതി (999.999) എഴുതിയാണിത് രേഖപ്പെടുത്തുന്നത്. അതിനാല്‍ 'സിക്‌സ് നയന്‍ ഫൈന്‍ ' എന്ന് ഇത് അറിയപ്പെടുന്നു.
എം.പി.അഹമ്മദ്
ഇന്ത്യയുടെ വിദേശ വ്യാപാരം നിയന്ത്രിക്കുന്ന ഡയറക്ടര്‍ ജനറല്‍ ഒഫ് ഫോറിന്‍ ട്രേഡില്‍ നിന്ന് താരിഫ് റേറ്റ് ക്വോട്ട (ടി. ആര്‍. ക്യു) ലൈസന്‍സ് കിട്ടിയതിനാലാണ് മലബാര്‍ ഗോള്‍ഡിന് സ്വര്‍ണ്ണം ഇറക്കുമതി ചെയ്യാനായതെന്നും ഇതില്‍ അഭിമാനമുണ്ടെന്നും മലബാറിന്റെ ചെയര്‍മാന്‍ എം.പി.അഹമ്മദ് കലാകൗമുദിയോട് പറഞ്ഞു. ഇതിന് പുറമെ ഇന്ത്യ - യു.എ.ഇ വ്യാപാര കരാര്‍ പ്രകാരം യു.എ.ഇയില്‍ നിന്നുള്ള സ്വര്‍ണ്ണ ഇറക്കുമതിക്കും തിരിച്ചുളള ആഭരണ കയറ്റുമതിക്കും ഉള്ള ഇളവുകളും മലബാര്‍ ഗോള്‍ഡിന് അനുകൂലമായി. കരാര്‍ പ്രകാരം യു.എ.ഇയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണ്ണം ആഭരണമാക്കി തിരിച്ചയച്ചാല്‍ ചുങ്കം കൊടുക്കേണ്ട.
ഗിഫ്റ്റ് സിറ്റി
ഗാന്ധി നഗറിലെ ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി എന്ന ഗിഫ്റ്റ് സിറ്റിയിലാണ് ബുളളിയന്‍ എക്‌സ് ചേഞ്ച്. ഇന്ത്യയുടെ അന്താരാഷ്ട്ര വ്യാപാര കവാടമായി ഗുജറാത്തിനെ മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ തുടങ്ങിയ പ്രത്യേക വ്യാപാര മേഖലയാണ് ഗിഫ്റ്റ് സിറ്റി. 886 ഏക്കറില്‍ പണി പുരോഗമിക്കുന്ന സിറ്റി 2024-ല്‍ പൂര്‍ത്തിയാകും. താമസവും ജോലിയും ഒരേ കാമ്പസില്‍ എന്ന ലക്ഷ്യത്തോടെ അന്താരാഷ്ട്ര നിലവാരത്തില്‍ അതിവിപുല സന്നാഹത്തോടെയാണ് സിറ്റി പണിയുന്നത്.150 ഓളം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ഇവിടെ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. മോര്‍ഗന്‍ സ്റ്റാന്‍ലി, ഡ്യൂയിഷ് ബാങ്ക്, ജെ.പി.മോര്‍ഗന്‍, ബി.എന്‍.പി പാരിബാസ് എന്നിവയും ആഗോള ബുള്ളിയന്‍ വ്യാപാരികളായ യുകെയിലെ സ്റ്റാന്‍ ചാര്‍ട്ട്, ആഫ്രിക്കയിലെ ഫസ്റ്റ് സ്റ്റാന്‍ഡ്, ജര്‍മ്മനിയിലെ ഡ്യൂയിഷ് ബാങ്ക് എന്നിവ ഇവിടെ ഓഫീസ് തുറന്നിട്ടുണ്ട്. നിലവില്‍ 20,000 ജീവനക്കാര്‍ ഗിഫ്റ്റ് സിറ്റിയിലുണ്ട്.
ഹോങ്കോങ്ങ്, ദുബായ് തുടങ്ങിയ അന്താരാഷ്ട്ര സാമ്പത്തിക നഗരങ്ങളുടെ മാതൃകയില്‍ ഗിഫ്റ്റ് സിറ്റിയെ വളര്‍ത്തുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ധനകാര്യ കേന്ദ്രം-ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സെന്റര്‍ (ഐ.എഫ്.എസ്.സി) ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിയന്ത്രണങ്ങളില്ലാതെ വിദേശ കറന്‍സി ഇടപാട് നടത്താന്‍ ഈ സെന്ററിന് അധികാരമുണ്ട്.
വിദേശയൂണിവേഴ്‌സിറ്റികള്‍ക്ക് ഇന്ത്യയിലെ നിയമം ബാധകമല്ലാതെ ഗിഫ്റ്റ് സിറ്റിയില്‍ കാമ്പസ് തുടങ്ങാനും അനുവദമുണ്ട്. ആസ്‌ട്ടേലിയയിലെ രണ്ടും യു.കെയിലെ മൂന്നും യൂണിവേഴ്‌സിറ്റികള്‍ ഇവിടെ കാമ്പസ് തുറക്കാന്‍ ഒരുങ്ങുന്നു. പ്രവേശന രീതിയും ഫീസും അവര്‍ക്ക് തീരുമാനിക്കാം.
ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്ന മുംബയുടെ സ്ഥാനം മറികടക്കുക എന്ന ഗൂഢലക്ഷ്യവും ഗിഫ്റ്റ് സിറ്റിക്ക് പിന്നിലുണ്ട്. കേരളവും ഗിഫ്റ്റ് സിറ്റി മാതൃകയാക്കാന്‍ നീക്കം നടത്തി വരുന്നു.
-