കാമുകിയെ ക്രൂരമായി മർദിച്ചു; ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് തടവ് ശിക്ഷ

By Ameena Shirin s.23 06 2022

imran-azhar

കാമുകിയെ ക്രൂരമായി മർദിച്ചതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് തടവ് ശിക്ഷ. പാർതിബൻ മണിയം എന്ന 30 കാരന് ഏഴ് മാസവും മൂന്നാഴ്ചയുമാണ് കോടതി തടവ് ശിക്ഷ വിധിച്ചത് .

 

കാമുകിയെ മർദിക്കുകയും സിം കാർഡ് വിഴുങ്ങിയ ശേഷം ഫോൺ തകർക്കുകയും പാസ്‌പോർട്ട് വലിച്ചുകീറുകയും കൈകൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്ത കേസിലാണ് സിംഗപ്പൂർ കോടതിയുടെ വിധി.

 

തന്റെ 38 വയസ്സുള്ള പങ്കാളിയുമൊത്ത് കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജനുവരി 23 വരെ യുവതിയുടെ ബന്ധുവിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്.

 

കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ലിവിങ് റിലേഷനിലാണ്. ജനുവരി 23 ന് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാൻ പോയി തിരിച്ച് വീട്ടിലെത്തിയ പാർതിബൻ, മറ്റൊരു പുരുഷനോടൊപ്പമാണെന്ന് ആരോപിച്ച് യുവതിയെ അസഭ്യം പറഞ്ഞു. യുവതിയെ ആക്രമിക്കുന്ന അവസരങ്ങളിലെല്ലാം ഇയാൾ മദ്യലഹരിയിലായിരുന്നു.

 

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി യുവതിയുടെ ബന്ധു ഇടപെട്ടെങ്കിലും പാർതിബൻ കാമുകിയെ തല്ലുകയും മർദിക്കുകയും ചെയ്തു. ഫ്ലാറ്റിൽ തിരിച്ചെത്തിയ പാർതിബൻ കാമുകിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി .

 

പിന്നീട് ടവൽ ഹോൾഡർ കൊണ്ട് യുവതിയുടെ തലയ്ക്ക് അടിച്ചു. ഇരുവരും തമ്മിൽ അടിപിടിയിലെത്തി. തുടർന്ന് ബന്ധു പൊലീസിനെ വിളിക്കുകയും പാർതിബനെ അറസ്റ്റ് ചെയ്യുകയും ചെയ്തു .

 

രണ്ടു തവണ പോലീസ് അറസ്റ്റ് ചെയ്തിട്ടും ജാമ്യത്തിൽ തിരിച്ചെത്തിയ ഇയാൾ വീണ്ടും യുവതിയെ ആക്രമിക്കാൻ ശ്രമിച്ചു . ഒടുവിൽ വീണ്ടും പോലീസെത്തുകയും ഇയാളെ പിടികൂടി കോടതിയിൽ ഹാജരാക്കുകയുമായിരുന്നു . തുടർന്നാണ് കോടതി ഇയാളെ ശിക്ഷിച്ചത് .

OTHER SECTIONS