ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം സംഘര്‍ഷം; തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചു

By priya.02 10 2022

imran-azhar

 

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം കാണികള്‍ മൈതാനത്തിലേക്ക് ഇറങ്ങിയതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 പേര്‍ മരിച്ചു.180 പേര്‍ക്ക് പരിക്കേറ്റു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാന്‍ സ്റ്റേഡിയത്തിലാണ് അപകടമുണ്ടായതെന്ന് ഇന്തോനേഷ്യന്‍ പൊലീസ് അറിയിച്ചു.

 

ചിരവൈരികളായ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് ശേഷമാണ് സംഘര്‍ഷവും പൊലീസ് നടപടിയുമുണ്ടായത്.മത്സരത്തില്‍ പെര്‍സെബയ 3-2ന് വിജയിച്ചിരുന്നു. പരാജയപ്പെട്ട അരേമ എഫ്‌സിയുടെ ആരാധകര്‍ മൈതാനത്തിറങ്ങി ആക്രമിക്കുകയായിരുന്നു.

 

ആരാധകരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതരം പ്രയോഗിച്ചതോടെ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് കൂടുതല്‍ പേരും മരിച്ചതെന്ന് ഈസ്റ്റ് ജാവ പോലീസ് മേധാവി നിക്കോ അഫിന്റ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗ്രൗണ്ട് കയ്യേറാന്‍ ശ്രമിക്കുന്നതും പിന്നീട് നടന്ന സംഭവങ്ങളും പ്രാദേശിക വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

അപകടത്തെ തുടര്‍ന്ന് ഇന്തോനേഷ്യന്‍ ടോപ്പ് ലീഗ് ബിആര്‍ഐ ലിഗ 1 മത്സരങ്ങള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതായും അന്വേഷണം തുടങ്ങിയതായും ഇന്തോനേഷ്യയിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ (പിഎസ്എസ്‌ഐ) അറിയിച്ചു. ഇന്തോനേഷ്യയിലെ മത്സരങ്ങളില്‍ ആരാധകര്‍ തമ്മിലുള്ള കലഹം പതിവാണ്.

 

ഓക്സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്വാസതടസം മൂലം നിരവധിപേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ ആളുകള്‍ കൂട്ടമായി ഓടിയപ്പോള്‍ വീണുപോയവര്‍ ചവിട്ടേറ്റാണ് മരിച്ചത്.

 

കൂടുതല്‍ പേരും ഇങ്ങനെയാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.സ്റ്റേഡിയത്തിന് അകത്ത് 42,500 പേര്‍ക്കുള്ള സൗകര്യമുണ്ട്. കഴിഞ്ഞ ദിവസം എത്രപേര്‍ മത്സരം കാണാനെത്തിയിരുന്നെന്ന് വ്യക്തമല്ല.

 

സംഭവം ഇന്തോനേഷ്യന്‍ ഫുട്‌ബോളിനെ കളങ്കപ്പെടുത്തിയെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. സംഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നെന്നും ഇരകളുടെ കുടുംബങ്ങളോടും ക്ഷമ ചോദിക്കുന്നുവെന്നും അസോസിയേഷന്‍ ചെയര്‍മാന്‍ പറഞ്ഞു. സംഭവത്തില്‍ ഫിഫ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

 

 

OTHER SECTIONS