By Lekshmi.06 02 2023
ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളുടെ പേരിൽ ജയിലിൽ അടക്കപ്പെട്ട പതിനായിരക്കണക്കിന് പേർക്ക് മാപ്പ് നൽകാൻ തീരുമാനിച്ചതായി ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനെയി.ഗുരുതരമായ കുറ്റങ്ങൾക്ക് വധശിക്ഷ കാത്തു കിടക്കുന്ന തടവുകാർക്കും, വിദേശ രാജ്യങ്ങൾക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ശിക്ഷിക്കപ്പെട്ടവർക്കും തീരുമാനം ബാധകമല്ലെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്.
രാജ്യ വ്യാപകമായി ഉണ്ടായ പ്രതിഷേധത്തില്‍ നിരവധി പേരെയാണ് ഇറാനില്‍ തുറങ്കില്‍ അടച്ചത്.പ്രതിഷേധവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചാർത്തി നാലുപേരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു ഇവര്‍ക്ക് ശിക്ഷയില്‍ ഇളവില്ലെന്നും ഇറാന്‍ വിശദമാക്കി.മഹ്സാ അമിനിയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ സെപ്തംബറോടെയാണ് ഇറാൻ വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്.
ഹിജാബ് നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ഇറാനിലെ മത പൊലീസ് കസ്റ്റഡിയിലെടുത്ത 22 -കാരിയായ അമിനി പിന്നീട് മരണപ്പെടുകയായിരുന്നു.പലമേഖലയില്‍ നിന്നുള്ള ഇറാന്‍ ജനതയാണ് സമരത്തിന് പിന്തുണയുമായി എത്തിയത്.1979ലെ വിപ്ലവത്തിന് ശേഷം ഇസ്ലാമിക രാജ്യത്തെ നിയമങ്ങളില്‍ മാറ്റം വരുത്താന്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഇറാന്‍ ഭരണകൂടം നിര്‍ബന്ധിതരായിരുന്നു.
സെപ്തംബറില്‍ ആരംഭിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ട് 20000ത്തോളം പേരെയാണ് ഇറാന്‍ ജയിലില്‍ അടച്ചതെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ വിശദമാക്കുന്നത്.പ്രതിഷേധത്തെ സേനയെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുള്ള ശ്രമത്തില്‍ 500 ഓളം പേരാണ് കൊല്ലപ്പെട്ടതെന്നും ആക്ടിവിസ്റ്റുകള്‍ വിശദമാക്കുന്നത്. ഇതില്‍ 70 പേര്‍ പ്രായപൂര്‍ത്തിയാവാത്തവരെന്നാണ് റിപ്പോര്‍ട്ട്.