ട്രെയിന്‍ യാത്ര ഭയന്ന് ആയിരങ്ങള്‍ ടിക്കറ്റ് റദ്ദാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ്; ഇല്ലെന്ന് റെയില്‍വേ

By Greeshma Rakesh.06 06 2023

imran-azhar


മുംബൈ: നിരവധിപ്പേരുടെ ജീവനെടുത്ത ഒഡീഷ ട്രെയിന്‍ ദുരന്തത്തിനു ശേഷം സുരക്ഷാപ്പേടി മൂലം ആയിരക്കണക്കിന് യാത്രക്കാര്‍ ട്രെയിന്‍ ടിക്കറ്റുകള്‍ റദ്ദാക്കിയെന്ന കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം നിഷേധിച്ച് റെയില്‍വേ. അങ്ങനെയൊന്നും നടന്നിട്ടില്ലെന്നും, മാത്രമല്ല അപകടത്തിനു മുന്‍പുണ്ടായിരുന്നതിനെ അപേക്ഷിച്ച് ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയവരുടെ എണ്ണം കുറയുകയാണ് ചെയ്തതെന്നും ഐആര്‍സിടിസി ട്വിറ്ററില്‍ വ്യക്തമാക്കി.

 

അപകടത്തിന്റെ തലേ ദിവസവും പിറ്റേ ദിവസവും ടിക്കറ്റ് റദ്ദാക്കിയവരുടെ എണ്ണം സഹിതം വ്യക്തമാക്കിയായിരുന്നു ഐആര്‍സിടിസിയുടെ മറുപടി.അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ യാത്ര സുരക്ഷിതമല്ലെന്ന പേടിയില്‍ ആയിരക്കണക്കിന് ആളുകള്‍ ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയതായി കോണ്‍ഗ്രസ് നേതാവ് ഭക്തചരണ്‍ ദാസ് ആരോപിച്ചിരുന്നു.ഈ ആരോപണം ഉള്‍പ്പെടുന്ന നേതാവിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ ക്ലിപ് കോണ്‍ഗ്രസും ട്വീറ്റ് ചെയ്തിരുന്നു.

 

''ഇത്തരമൊരു ട്രെയിന്‍ അപകടം മുന്‍പൊരിക്കലും ഉണ്ടായിട്ടില്ല. നൂറു കണക്കിനു പേര്‍ മരിക്കുകയും ആയിരക്കണക്കിനു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ അപകടം എല്ലാവരേയും വല്ലാതെ വേദനിപ്പിച്ചു. അപകടത്തിനു ശേഷം ആയിരക്കണക്കിനു പേരാണ് ട്രെയിന്‍ യാത്ര റദ്ദാക്കിയത്. ട്രെയിന്‍ യാത്ര ഒട്ടും സുരക്ഷിതമല്ലെന്ന ഭയത്താലാണിത്' - ഭക്തചരണ്‍ ദാസിനെ ഉദ്ധരിച്ച് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

 


അതേസമയം, ദാസിന്റെ ആരോപണം വസ്തുതാപരമായി തെറ്റാണെന്ന് ഐആര്‍സിടിസി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് ഐആര്‍സിടിസിയുടെ മറുപടി. അപകടത്തിനു മുന്‍പും ശേഷവും ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയവരുടെ കണക്കും ഐആര്‍സിടിസി കുറിച്ചിട്ടുണ്ട്.

 


''ഇത് വസ്തുതാപരമായി തെറ്റാണ്. ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയവരുടെ എണ്ണത്തില്‍ ഒരു വര്‍ധനവുമില്ല. മാത്രമല്ല, അപകടത്തിന്റെ തലേന്ന്, അതായത് ജൂണ്‍ ഒന്നിന് 7.7 ലക്ഷം ആളുകളാണ് ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയതെങ്കില്‍, അപകടത്തിന്റെ പിറ്റേന്ന്, അതായത് ജൂണ്‍ മൂന്നിന് ട്രെയിന്‍ ടിക്കറ്റ് റദ്ദാക്കിയത് 7.5 ലക്ഷം പേര്‍ മാത്രമാണ്' - ഐആര്‍സിടിസി ട്വിറ്ററില്‍ കുറിച്ചു.

 

OTHER SECTIONS