ഇര്‍ഫാന്റെ മരണം; കഞ്ചാവിന്റെ ഉറവിടെ തേടി പോലീസ്

By ആഷ്‌ലി രാജന്‍.23 03 2023

imran-azhar

 


കഴക്കൂട്ടം: പെരുമാതുറയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഇര്‍ഫാനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നു. ഇരുവരും ഒരുമിച്ച് കഞ്ചാവ് വാങ്ങി വലിച്ചു എന്നും ഇതിനിടയില്‍ ഇര്‍ഫാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ അവനെ തിരിച്ചു വീട്ടില്‍ കൊണ്ടുപോയി വിട്ടു എന്നുമാണ് സുഹൃത്തിന്റെ മൊഴി.

 

മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് കഞ്ചാവ് കിട്ടിയ ഉറവിടം തേടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഈയടുത്തകാലത്തായി പെരുമാതുറയില്‍ ലഹരി സംഘങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് പോലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു.

 

കഴിഞ്ഞ ദിവസമാണ് പെരുമാതുറ തെരുവില്‍ വീട്ടില്‍ സുല്‍ഫിക്കര്‍ റജില ദമ്പതികളുടെ മകന്‍ ഇര്‍ഫാന്‍ (17) മരിച്ചത്. ഫിഷിംഗ് തൊഴിലാളിയായ ഇര്‍ഫാന്‍ ജോലി കഴിഞ്ഞ വീട്ടിലെത്തി ആഹാരം കഴിച്ച് ഉറങ്ങുന്നതിനിടെ സുഹൃത്ത് പലതവണയായി ഫോണിലേക്ക് വിളിക്കുകയും ശേഷം 6.30 ഓടെ വീട്ടിലെത്തി ഇര്‍ഫാനെ വിളിച്ചുകൊണ്ടു പോവുകയുമായിരുന്നു.

 

എന്നാല്‍ തിരികെ എത്തിയതിനു ശേഷം ഇര്‍ഫാന്‍ ചര്‍ദ്ദിച്ച് അവശ നിലയിലായി. മാതാവ് ഉടന്‍തന്നെ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടില്‍ മടങ്ങിയെത്തി രാത്രി 11 മണിയോടെ ഇര്‍ഫാന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളായി.തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

 

ഇതിനിടയില്‍ ചില സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇര്‍ഫാന്‍ പറഞ്ഞു എന്ന മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നത്.

 

OTHER SECTIONS