എന്തുകൊണ്ട് പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം

By Aswany mohan k.15 05 2021

imran-azhar
എം.ആര്‍.ഷൈന്‍ 
 
 
 

ഇസ്രായേല്‍-പലസ്തീന്‍ പോരാട്ടങ്ങളെ, ജൂത-മുസ്ലിം പോരാട്ടമായി കാണുന്ന, അല്ലെങ്കില്‍ അത് മതപരമായ തര്‍ക്കങ്ങളിന്മേലുള്ള സംഘര്‍ഷങ്ങളും ആക്രമണങ്ങളുമാണെന്ന ബോധത്തിലേയ്ക്കു കൊണ്ടുവരുവാന്‍ ലോകത്താകമാനം ചിലര്‍ ശ്രമിക്കുന്നുണ്ട്.
 
 
ഇന്ത്യയില്‍ അത്തരം വാദങ്ങള്‍ ഉയര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് സംഘപരിവാര്‍-ബിജെപി നേതാക്കളും അണികളുമാണ്. അതില്‍ പ്പെട്ടുപോകുന്ന പുരോഗമന വാദികളുമുണ്ടെന്നതാണ് ഏറെ വിഷമകരം.
 


എക്കാലത്തും പലസ്തീന്‍ സ്വതന്ത്രരാഷ്ട്രത്തിന്റെ രൂപീകരണത്തെ പിന്തുണച്ച രാജ്യമാണ് ഇന്ത്യ. ഇസ്രയേല്‍ നടത്തുന്ന നിയമ വിരുദ്ധ അധിനിവേശത്തെ എതിര്‍ക്കുകയും പലസ്തീന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കുകയും ചെയ്തിരുന്നു ഇന്ത്യ. 1981 ലാണ് പലസ്തീന്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നമ്മുടെ രാജ്യം പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കിയത്.
 
 
 
 
 
 
 


അമേരിക്കയെ അനുകൂലിക്കുമ്പോള്‍ പോലും പലസ്തീനായി നിലകൊണ്ടിരുന്ന രാജ്യം. വ്യക്തമായ വിദേശനയമുണ്ടായിരുന്ന കാലത്ത്, പലസ്തീന്‍ വിമോചന സംഘടന (പി.എല്‍.ഒ) യെ പലസ്തീന്‍ ജനതയുടെ ഒരേയൊരു പ്രതിനിധിയായി 1974 ല്‍ത്തന്നെ അംഗീകരിച്ച, അറബ് രാഷ്ട്രങ്ങള്‍ക്കു പുറത്തുള്ള, ആദ്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
 
 
 
1988ല്‍ പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച ആദ്യ അറബ് ഇതര രാജ്യവും ഇന്ത്യയാണ്. ഗാസയിലും വെസ്റ്റ് ബാങ്കിലും ഇസ്രയേലിന്റെ നിയമവിരുദ്ധ അധിനിവേശത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.
 
 
 
ഇസ്രയേലിന്റെ രൂപീകരണത്തെ ഐക്യരാഷ്ട്ര സമിതിയില്‍ പോലും ഇന്ത്യ എതിര്‍ത്തിരുന്നു. ഇതിനൊപ്പം 1948 മുതല്‍ 1992 വരെ ഇസ്രയേലുമായി യാതൊരു വിധ നയതന്ത്രബന്ധത്തിനും ഇന്ത്യ തയ്യാറായിരുന്നില്ല.
 
 


ഇപ്പോഴത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ 17 കുട്ടികളടക്കം 45 ലേറെ പലസ്തീനികളും, തിരികെയുള്ള മിസൈലാക്രമണത്തില്‍ മലയാളിയായ സൗമ്യയുള്‍പ്പെടെ അഞ്ച് പേരും കൊല്ലപ്പെട്ടു എന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 
 
 
ഐക്യരാഷ്ട്ര സംഘടന മുന്നോട്ട് വയ്ക്കുന്ന മധ്യസ്ഥത തങ്ങള്‍ക്ക് ബാധകമല്ലായെന്നും ആക്രമണം തുടരുമെന്നും തുടങ്ങിയിട്ടേയുള്ളൂവെന്നും ഇസ്രായേല്‍ സൈനിക മേധാവി പറഞ്ഞതായി അറബ് മാധ്യങ്ങളുള്‍പ്പെടെ വാര്‍ത്തകള്‍ പുറത്തുവിട്ടിരിക്കുന്നു. ഇതിനു മുമ്പ് 2014 ലാണ് പലസ്തീനെതിരെ അതിക്രൂരവും ഭീകരവുമായ ആക്രമണങ്ങളും കൂട്ടക്കുരുതികളും ഇസ്രയേല്‍ നടത്തിയത്.
 
 
 
 
 
 
 
 
അതിനു ശേഷം ചെറിയൊരു ഇടവേളയില്‍ അത്തരം കൂട്ടക്കാലകള്‍ റിപ്പോര്‍ട്ട് ചെയ്തുകണ്ടിട്ടില്ല. ഇസ്രയേലിന് അതിരറ്റ പിന്തുണ നല്‍കുന്നവര്‍, ഒരു കാലത്ത് ലോകത്തിന്റെ എല്ലായിടത്തും കോളനി വാഴ്ച നടത്തിയ ബ്രിട്ടനും, ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ-മുതലാളിത്ത രാജ്യമായ അമേരിക്കയുമാണ്. ഈ രാജ്യങ്ങള്‍ ഇസ്രയേലിനെ തള്ളിപ്പറയുന്ന പക്ഷം അവരുടെ അസ്ഥിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണ്.
 'സാമ്രാജ്യത്വം നിലനില്‍ക്കുന്നത് രാഷ്ട്രങ്ങളെ തമ്മില്‍ തല്ലിച്ചുകൊണ്ടാണ്; നിരവധി രാഷ്ട്രങ്ങളെ അത് അടിച്ചമര്‍ത്തുന്നു; അടിച്ചമര്‍ത്തല്‍ വര്‍ദ്ധിപ്പിക്കുകയും വ്യാപിപ്പിക്കുകയുമാണ്.'' ലെനിന്റെ ഈ വാക്കുകളുടെ ഏറ്റവും കൃത്യമായ മാതൃകയാണ് പലസ്തീന്‍.
 
 
പലസ്തീനുള്‍പ്പെടെയുള്ള അറബ് മേഖലയിലെ അമേരിക്കന്‍ ഇടപെടല്‍ ഇന്നും സാമ്രാജ്യത്വം അതേ വഴി പിന്തുടരുകയാണെന്ന് ബോധ്യപ്പെടുത്തിത്തരുന്നു.2001 ല്‍ പലസ്തീന്‍ സന്ദര്‍ശനവേളയില്‍ ഇസ്രയേലിന്റെ സൈനിക അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്.
 
 
 
പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് മടങ്ങിവരാനുള്ള അവസരമൊരുക്കണമെന്നും ദേശരാഷ്ട്രമായിത്തീരാനുള്ള പലസ്തീനികളുടെ അവകാശത്തെ എത്രയും പെട്ടെന്ന് അംഗീകരിക്കണമെന്നും മാര്‍പാപ്പ അന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതേ അഭിപ്രായം 2008ല്‍ പോപ്പ് ബെനഡിക്ട് പതിനാറാമനും പങ്കുവച്ചിട്ടുണ്ട്.
 
 

ഇന്ത്യ പലസ്തീന്‍ ജനതയ്ക്കായി സ്‌കൂളുകളും ആശുപത്രികളും നിര്‍മ്മിച്ചുനല്കിയിട്ടുണ്ട്. 'ജനങ്ങള്‍ തിങ്ങി ഞെരുങ്ങി പാര്‍ക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകളിലും സ്‌കൂളുകളിലും പാര്‍പ്പിടങ്ങളിലും മോസ്‌കുകളിലും ചേരിപ്രദേശങ്ങളിലും ബോംബിടാന്‍ ഇസ്രയേല്‍ ഉപയോഗിച്ചത് അത്യാധുനികമായ ബോംബര്‍ ജെറ്റുകളും നാവികയാനങ്ങളുമാണ്.
 
 
 
വ്യോമസേനയോ വ്യോമ പ്രതിരോധ സംവിധാനമോ നാവികസേനയോ അത്യാധുനികമായ ആയുധങ്ങളോ സൈനിക യൂണിറ്റുകളോ യന്ത്രവല്‍കൃത രക്ഷാസംവിധാനങ്ങളോ കേന്ദ്രീകൃത സൈനിക നേതൃത്വമോ ഒന്നുമില്ലാത്ത ജനസഞ്ചയത്തിനുമേലാണ് ഇസ്രയേല്‍ ആക്രമണമഴിച്ചു വിടുന്നത്.