മുറ്റത്തെ ചന്ദ്രനില്‍ നിന്ന് മൂന്നാം ചന്ദ്രയാനിലേക്ക് നടന്ന സോമനാഥ്

By Web Desk.23 08 2023

imran-azhar

 

 


കാര്‍ട്ടൂണിസ്റ്റും കര്‍ണാടക സംഗീതകാരനുമായ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥിന് മകളെപ്പോലെയാണ് റോക്കറ്റ്; വിക്ഷേപണം മകളുടെ വിവാഹം പോലെയും!

 

വി ഡി ശെല്‍വരാജ്

 

തിരുവനന്തപുരം: 1969 ല്‍ ചന്ദ്രനില്‍ ആദ്യമായി ചുവടുവച്ച മനുഷ്യന്‍, അമേരിക്കക്കരനായ നീല്‍ ആംസ്ട്രോങ്ങ് പറഞ്ഞു, എന്റെ ചെറിയ കാല്‍വയ്പ്പ് മനുഷ്യകുലത്തിന്റെ വലിയ മുന്നേറ്റമാണ്. സമാനമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായി പേടകമിറക്കിയ ലോകരാജ്യമെന്ന ചരിത്രഖ്യാതി സമ്മാനിച്ചിരിക്കുന്നു ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ്.

 

ദക്ഷിണധ്രുവത്തിലെ ജലസാന്നിദ്ധ്യത്തെ ആശ്രയിച്ചാകും മനുഷ്യന്റെ ഭാവി ഗോളാന്തരയാത്രകളെന്നതിനാല്‍ ആദ്യപഥികനുള്ള സ്ഥാനം ചരിത്രത്തിലുടനീളമുണ്ടാകും, ഇന്ത്യയ്ക്കും സോമനാഥിനും.

 

ആലപ്പുഴ തുറവൂര്‍ വേടാംപറമ്പില്‍ ഹിന്ദി അദ്ധ്യാപകനായിരുന്ന പരേതനായ ശ്രീധരപണിക്കരുടെയും തങ്കമ്മയുടെയും മകനായ സോമനാഥിനെ ബഹിരാകാശകാഴ്ചകളിലേക്ക് കുട്ടിക്കാലത്തുതന്നെ കൂട്ടികൊണ്ടുപോയത് അച്ഛനായിരുന്നു. രാത്രിയില്‍ മുറ്റത്ത് പായ വിരിച്ചിരുന്ന് ചന്ദ്രനെയും നക്ഷത്രങ്ങളെയും ചൂണ്ടി അച്ഛന്‍, ശാസ്ത്രവും ചരിത്രവും കഥയും പറഞ്ഞുകൊടുത്തു. മുറ്റത്തുനിന്ന് കണ്ട ആ ചന്ദ്രനില്‍ നിന്നാണ് മൂന്നാം ചന്ദ്രയാനിലേക്ക് സോമനാഥ് വളര്‍ന്നത്.

 

 

കൊല്ലം റ്റി.കെ.എം എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് റാങ്കോടെ ബി.ടെക്കും ബാംഗ്ളൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നിന്ന് സ്വര്‍ണ്ണ മെഡലോടെ എം.ടെക്കും നേടിയ സോമനാഥിന് പഠനവും പുസ്തകവായനയും ഒരിക്കലും പരീക്ഷ പാസാകാനോ ഉദ്യോഗകയറ്റത്തിനോ വേണ്ടിയായിരുന്നില്ല. അതുകൊണ്ട് ഡോക്ടറേറ്റ് എടുത്തതുമില്ല. ( പേരിന് മുമ്പുള്ള 'ഡോ' രണ്ടു യൂണിവേഴ്സിറ്റികള്‍ സോമനാഥിന് സമ്മാനിച്ചതാണ്. ഡോക്ടറേറ്റിനായി ഗവേഷണപ്രബന്ധം എഴുതുന്നതായി ഒരിക്കല്‍ പറഞ്ഞു).

 

ക്വിസിനും കാര്‍ട്ടൂണിനും സ്‌കൂളിലും കോളേജിലും സമ്മാനം നേടിയിട്ടുള്ള സോമനാഥ് കര്‍ണാടക സംഗീതവും പഠിച്ചിട്ടുണ്ട്. കച്ചേരികള്‍ കേള്‍പ്പിക്കാന്‍ കൊണ്ടുപോയ അച്ഛന്‍ തന്നെയായിരുന്നു അവിടെയും പ്രചോദനം.

 

ഇന്ന് ഇന്ത്യയില്‍ നിന്ന് ലോകമറിയുന്ന റോക്കറ്റ് സയന്റിസ്റ്റായ സോമനാഥ് മൂന്നുപതിറ്റാണ്ടുമുമ്പ് കാമ്പസ് റിക്രൂട്ടുമെന്റിലൂടെയാണ് വി.എസ്.എസ്.സിയില്‍ എന്‍ജിനീയറായി എത്തുന്നത്. ആദ്യം പി.എസ്.എല്‍.വി പ്രൊജക്ടിലും പിന്നീട് ജി.എസ്.എല്‍.വിയിലും വിവിധ ചുമതലകള്‍ വഹിച്ച സോമനാഥ് പിന്നീട് എല്‍.പി.എസ്.സി, വി.എസ്.എസ്സി എന്നിവിടങ്ങളില്‍ ഡയറക്ടറായി ഉയര്‍ന്നു.

 

 

 

ജി.എസ്.എല്‍.വി റോക്കറ്റിന്റെ പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയ കമ്മിറ്റിയുടെ മെമ്പര്‍ സെക്രട്ടറിയായ സോമനാഥാണ് ആ റോക്കറ്റിന്റെ ശില്പി എന്നെഴുതിയാല്‍ ആരും പിണങ്ങില്ല. ടെക്നോക്രാറ്റും ബ്യൂറോക്രാറ്റും അഷ്ടബന്ധമിട്ടുറപ്പിച്ചതാണ് സോമനാഥിന്റെ വ്യക്തിത്വം. ഏതു വെല്ലുവിളിയും ഏറ്റെടുക്കാന്‍ മാത്രമല്ല പദ്ധതികളെ നയിക്കാനുള്ള അടങ്ങാത്ത ആവേശമായി സഹപ്രവര്‍ത്തകരിലേക്ക് തീ പോലെ പടരാനും കഴിയും. 16,000 ല്‍ അധികം ജീവനക്കാരുള്ള ഐ.എസ്.ആര്‍.ഒ യെ ഒന്നരവര്‍ഷത്തിലേറെയായി നയിക്കുന്ന സോമനാഥിന് റോക്കറ്റ്, മകളെ പോലെയാണ്. വിക്ഷേപണമാകട്ടെ വിവാഹം കഴിഞ്ഞ് മകളെ യാത്രയാക്കുന്നതുപോലെയും!

 

വിക്ഷേപണത്തറയിലെത്തിയ റോക്കറ്റ്, വിക്ഷേപണത്തിന്റെ തലേന്ന് തൊട്ടുനോക്കി ഉറപ്പാക്കിയിട്ടേ സോമനാഥ് ഉറങ്ങൂ. ഭരണ നിര്‍വ്വഹണത്തിനൊപ്പം സാങ്കേതികകാര്യങ്ങളിലും കൃത്യത ഉറപ്പുവരുത്താന്‍ ഏതു പാതിരാത്രിയിലും റോക്കറ്റില്‍ തലയിട്ടു നോക്കാന്‍ ഒട്ടും മടിയില്ല. കഴിഞ്ഞ മാര്‍ച്ചില്‍ വണ്‍ വെബ്ബിന്റെ 36 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്ന എല്‍.വി.എം എന്ന റോക്കറ്റിന്റെ ഭദ്രത പരിശോധിക്കാന്‍ അദ്ദേഹം ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡില്‍ കയറിയത് അര്‍ദ്ധരാത്രിയില്‍. അല്പം മുമ്പാണ് അദ്ദേഹം ബാംഗ്ളൂരില്‍ നിന്നും ശ്രീഹരിക്കോട്ടയിലേക്ക് എത്തിയത്. നിത്യേന 12 മണിക്കൂര്‍ ജോലി ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം പകരുന്നതായി അദ്ദേഹം പറയും. 

 

 

 

 

2022 ജനുവരിയില്‍ ഐ.എസ്.ആര്‍.ഒയുടെ ചെയര്‍മാനാകുന്നതുവരെ പേരൂര്‍ക്കടയിലായിരുന്നു ഭാര്യയ്ക്കും 2 മക്കള്‍ക്കും ഒപ്പം താമസം. ചന്ദ്രയാനെക്കാളും ശ്വാസമടക്കിപ്പിടിക്കുന്ന വലിയ ദൗത്യമാണ് ഇനി സോമനാഥിന് മുന്നിലുള്ളത്-ഗഗന്‍യാന്‍. ഇന്ത്യക്കാരെ സ്വന്തം റോക്കറ്റില്‍ ബഹിരാകാശത്ത് അയച്ച് മടക്കിക്കൊണ്ടുവരുന്ന പദ്ധതി. ചന്ദ്രയാന്‍ വിജയത്തിന്റെ ആരവം അടങ്ങും മുമ്പേ ഗഗന്‍യാന്‍ വിക്ഷേപിക്കുന്ന റോക്കറ്റിന്റെ ലോഞ്ച് പാഡിലേക്ക് ഒരു ഫീല്‍ഡ് മാര്‍ഷലെപ്പോലെ സോമനാഥ് നടന്നു തുടങ്ങി. വരൂ, കൗണ്ട്ഡൗണിന് സമയമായെന്ന് അദ്ദേഹം സഹപ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കുന്നു.

 

 

OTHER SECTIONS