ലാന്‍ഡറും റോവറും ഉറക്കത്തില്‍ത്തന്നെ; സിഗ്നല്‍ കിട്ടുന്നില്ല

By Web Desk.22 09 2023

imran-azhar

 

 


ശ്രീഹരിക്കോട്ട: രണ്ടാഴ്ച മുമ്പ് സ്ലീപിങ് മോഡിലേക്ക് മാറ്റിയ ചന്ദ്രയാന്‍ 3 ദൗത്യത്തിലെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും വീണ്ടും പ്രവര്‍ത്തനക്ഷമമാകുമോ എന്നുറപ്പാക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായി ഇസ്രോ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകല്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് വിക്രം ലാന്‍ഡറിനെയും പ്രഗ്യാന്‍ റോവറിനെയും സ്ലീപിംഗ് മോഡിലേക്ക് മാറ്റിയത്.

 

ലാന്‍ഡറും റോവറുമായുള്ള ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ആദ്യ ശ്രമത്തില്‍ വിക്രമില്‍ നിന്നോ പ്രഗ്യാനില്‍ നിന്നോ ഇതുവരെ സിഗ്‌നലുകള്‍ ലഭിച്ചിട്ടില്ലെന്നും ശ്രമങ്ങള്‍ തുടരുമെന്നും ഇസ്റോ അറിയിച്ചു.

 

ചന്ദ്രനില്‍ വീണ്ടും സൂര്യന്‍ ഉദിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ലാന്‍ഡറിനേയും റോവറിനേയും വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാനായിരുന്നു ഇസ്റോയുടെ പദ്ധതി. ചന്ദ്രനിലെ അന്തരീക്ഷതാപനില മൈനസ് 10 ഡിഗ്രിയ്ക്ക് മുകളിലാകുന്നതോടെയാണ് റീആക്ടിവേഷന്‍ നടത്തുന്നത്.

 

ഓഗസ്റ്റ് 23 നാണ് ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ലാന്‍ഡറും റോവറും 10 ഭൗമദിനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ച് ഭൂമിയിലേക്ക് സന്ദേശങ്ങള്‍ കൈമാറുകയും ചെയ്തു. സെപ്റ്റംബര്‍ 2ന് റോവറും സെപ്റ്റംബര്‍ 4ന് ലാന്‍ഡറും സ്ലീപ് മോഡിലേക്ക് പ്രവേശിച്ചു.

 

 

 

OTHER SECTIONS