By Web Desk.31 03 2023
വി ഡി ശെല്‍വരാജ്
തിരുവനന്തപുരം: ഇന്ത്യ വികസിപ്പിക്കുന്ന സ്‌പേസ് വിമാനത്തിന്റെ ആദ്യ റണ്‍വേ പരീക്ഷണം ശനി പകല്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നടക്കും. ബഹിരാകാശത്ത് ഉപഗ്രഹം വിക്ഷേപിച്ച ശേഷം ഭൂമിയില്‍ തിരിച്ചിറങ്ങുന്ന, ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന റോക്കറ്റ് (ആര്‍എല്‍വി- റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍) എന്ന ലക്ഷ്യം വച്ചാണ് ഐഎസ്ആര്‍ഒ ഇത് വികസിപ്പിക്കുന്നത്.
വിമാനത്തിന്റെയും റോക്കറ്റിന്റെയും ജോലി ഒരേസമയം നിര്‍വഹിക്കുന്ന ഇത് ഒറ്റനോട്ടത്തില്‍ സ്‌പേസ് ഷട്ടില്‍ പോലെ തോന്നും. പരീക്ഷണത്തിനായി ഒരുക്കിയ മൂന്ന് ടണ്‍ ഭാരമുള്ള ആര്‍എല്‍വിയെ സൈനിക ഹെലികോപ്റ്ററില്‍ അഞ്ച് കിലോമീറ്ററോളം ഉയര്‍ത്തി, റണ്‍വേയ്ക്ക് പിന്നില്‍ നാല് കിലോമീറ്റര്‍ അകലെ വച്ച് താഴെയ്ക്ക് തുറന്നുവിടും. തുടര്‍ന്ന് സ്വയം വേഗം ക്രമീകരിച്ച്, റണ്‍വേ കണ്ടെത്തി, ഓട്ടോമാറ്റിക് ലാന്‍ഡിംഗ് ഗിയറില്‍ രണ്ടര കിലോമീറ്ററോളം ഓടിയ ശേഷം നില്‍ക്കും. വേഗം കുറയ്ക്കാന്‍ വിമാനത്തിന് പിന്നില്‍ പാരച്ചൂട്ടുണ്ട്.
ഉയരത്തില്‍ നിന്ന് പതിക്കുന്നത് മുതല്‍ റണ്‍വേയിലെ ഓട്ടം വരെ എല്ലാം മാര്‍ഗരേഖ അനുസരിച്ചാണ് നടക്കുന്നതെങ്കില്‍ ഇന്ത്യയുടെ സാങ്കേതികവിദ്യാ വികസനത്തില്‍ പുതിയൊരു ഭ്രമണപഥം തീര്‍ക്കുമിത്. പത്തുവര്‍ഷമായി ആര്‍എല്‍വി വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്നു തിരുവനന്തപുരം വിഎസ്എസ്‌സി. 2016ല്‍ ആദ്യ പരീക്ഷണം ശ്രീഹരിക്കോട്ടയില്‍ റോക്കറ്റിന് മുകളില്‍ വച്ച് വിക്ഷേപിച്ച് കടലില്‍ തിരിച്ചിറക്കിയായിരുന്നു.
ആര്‍എല്‍വി എന്ന സ്‌പേസ് വിമാനം വരുന്നതോടെ വിക്ഷേപണത്തിന്റെ ചെലവ് കുത്തനെ കുറയും. ഇപ്പോള്‍ ഇന്ത്യയുടെ പക്കലുള്ള റോക്കറ്റുകളെല്ലാം ഒറ്റത്തവണ വിക്ഷേപിക്കാനേ കഴിയൂ. വിക്ഷേപണത്തോടെ അവയുടെ ഘട്ടങ്ങള്‍ എരിഞ്ഞൊടുങ്ങുന്ന മുറയ്ക്ക് കടലില്‍ പതിക്കുന്നു. എരിഞ്ഞു വീഴുന്ന ഘട്ടങ്ങള്‍ തിരിതിച്ചെടുത്ത് ഉപയോഗിക്കുന്ന സംവിധാനം വികസിപ്പിച്ചാണ് അമേരിക്കയിലെ സ്‌പേസ് എക്‌സ് കമ്പനി വിക്ഷേപണത്തിന്റെ ചെലവ് കുത്തനെ കുറച്ച് നാസയെ പോലും ഞെട്ടിച്ച് വന്‍മുന്നേറ്റം നടത്തിയത്.
വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യ ശക്തമായി നിലയുറപ്പിക്കണമെങ്കില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കാവുന്ന റോക്കറ്റ് വിക്ഷേപിച്ച് ബഹിരാകാശ കടത്തുകൂലി കുറച്ചേ പറ്റൂ. ഇതിലേക്കുള്ള മുന്നൊരുക്കമാണ് സ്‌പേസ് വിമാനം. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും ഉപഗ്രഹങ്ങളുമായി സ്‌പേസ് വിമാനം കുതിക്കുമെന്ന് ഐഎസ്ആര്‍ഒ പ്രതീക്ഷിക്കുന്നു.