പുതിയൊരു കരുത്തായി തിരിച്ചുവരും, അമരത്ത് കെ.സുധാകരൻ

By സൂരജ് സുരേന്ദ്രൻ .16 06 2021

imran-azhar

 

 

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനായി കെ.സുധാകരൻ തിരുവനന്തപുരത്ത് ചുമതലയേറ്റു. രാവിലെ പത്തരയോടെ ഇന്ദിരാഭവനിലെത്തിയ സുധാകരനെയും നേതാക്കളെയും പുഷ്പഹാരങ്ങളും ഖദര്‍ ഷാളും നല്‍കി ചുമതലപ്പെട്ടവര്‍ വരവേറ്റു.

 

 

സേവാദള്‍ പ്രവര്‍ത്തകരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കെപിസിസി ഓഫീസിലേക്കു പോയ നിയുക്ത പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, താരിഖ് അൻവർ, ഉമ്മൻ‌ചാണ്ടി, രമേശ് ചെന്നിത്തല, കെ.ബാബു, തുടങ്ങിയ മുതിർന്ന നേതാക്കളുമായി കൂട്ടിക്കാഴ്ച നടത്തി. പിന്നീട് ഇന്ദിരാഭവന്‍ ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷമാണ് മുല്ലപ്പള്ളി രാമചന്ദ്രനില്‍ നിന്ന് ചുമതല ഏറ്റെടുത്തത്.

 

 

വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പാകുമ്പോഴേക്കും പുതിയൊരു കരുത്തായി നമുക്ക് തിരിച്ചുവരണം.അതൊരു പ്രതിജ്ഞയാണ്. ഇന്ദിരാ ഭവനില്‍ കെ.പി.സി.സി അധ്യക്ഷനായി ചുമതല ഏറ്റെടുത്ത ശേഷം അദ്ദേഹം പറഞ്ഞു. പുതിയ നേതൃത്വത്തിന്റെ മുന്നില്‍ ഒരുപാട് പരിപാടികളും പദ്ധതികളും ചര്‍ച്ചകളും ഉണ്ട്. ഒറ്റക്കെട്ടായി പരിഹാര മാര്‍ഗങ്ങള്‍ കൈകൊള്ളും. ഈ പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ നമ്മള്‍ക്ക് സാധിക്കും. ജയവും, പരാജയവുമെല്ലാം ജനാധിപത്യത്തിൽ സ്വാഭാവികമാണ്. നിങ്ങള്‍ക്ക് ആത്മവിശ്വാസം ഇല്ലേ നിങ്ങള്‍ക്ക് ആത്മധൈര്യം ഇല്ലേ തിരിച്ചുവരുമെന്ന് നിങ്ങള്‍ക്ക് പ്രതീക്ഷയില്ലേ. ആ പ്രതീക്ഷയുണ്ടെങ്കില്‍ കര്‍മ്മത്തിന്റെ പാതയിലേക്ക് അഞ്ച് വര്‍ഷം കടന്നു പോകാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ? എന്നും സുധാകരൻ പ്രവർത്തകരോട് ചോദിച്ചു.

 

 

രാവിലെ 9 മണിയോടുകൂടി തിരുവനന്തപുരം കവറടി റോഡിലുള്ള വസതിയിൽ നിന്നും ഹൈസിന്ത് ഹോട്ടലിലേക്ക് തിരിച്ച സുധാകരൻ കേരളത്തിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ ഉൾപ്പെടെയുള്ള എഐസിസി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തി.

 

 

9:50ഓടെ കിഴക്കേകോട്ടയിലെ ഗാന്ധി പാർക്കിൽ പ്രവർത്തകർക്കൊപ്പമെത്തിയ സുധാകരൻ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.

 

 

തുടർന്ന് അവിടെ നിന്നും പത്ത് മണിയോടെ പാളയത്തെത്തിയ സുധാകരൻ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ശേഷം ഇന്ദിരാഭവനിലേക്ക് തിരിച്ചു.

 

 

ഇന്ദിരാഭവനിൽ മുതിർന്ന നേതാക്കളും, പ്രവർത്തകരും, മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് സുധാകരനെ കാത്തുനിന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിപാടി നടത്താനാണ് മുൻകൂട്ടി നിശ്ചയിച്ചിരുന്നതെങ്കിലും കാര്യത്തോടടുത്തപ്പോൾ പ്രവർത്തകരുടെ ആവേശം അണപൊട്ടി. കോവിഡും, പ്രോട്ടോക്കോളും ഒക്കെ മറന്നു. പ്രവർത്തകരുടെ കൂട്ടം നിയന്ത്രിക്കാൻ നന്നേ പാടുപെട്ടു.

 

 

രമേശ് ചെന്നിത്തല

 

കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ തന്റെ സുഹൃത്ത് സുധാകരന് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല തന്റെ പ്രസംഗം ആരംഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമാണ്.

 

 

തകർക്കപ്പെടാൻ ശ്രമിക്കുമ്പോൾ ഉജ്വലമായി തിരിച്ചുവരുന്ന പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്. സുധാകരൻ, ചിരിക്കുന്നവരെല്ലാം സ്നേഹിതന്മാരാണെന്ന് കരുതരുത്. മുൻപിൽ നിന്ന് പുകഴ്ത്തുന്നവരൊന്നും എന്നും നമ്മുടെ കൂടെ ഉണ്ടാകില്ല എന്ന അനുഭവപാഠമാണ് എനിക്കുള്ളത്. ആ പാഠം സുധാകരനും ഉണ്ടാകട്ടെയെന്നും ചെന്നിത്തല തമാശരൂപേണ പറഞ്ഞു.

 

മുല്ലപ്പള്ളി രാമചന്ദ്രൻ

 

സിപിഎം–ബിജെപി വോട്ടുകച്ചവടം വോട്ടെടുപ്പിന് മുന്‍പേ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ മാത്രമല്ല പാര്‍ട്ടിക്കാരും തന്നെ വിശ്വസിച്ചില്ലെന്ന് സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.