പ്രളയജലത്തില്‍ പതിയിരിക്കുന്നത് വന്‍അപകടം; ഭീഷണിയായി ഒഴുകി നടക്കുന്ന കുഴിബോംബുകള്‍

By Greeshma Rakesh.09 06 2023

imran-azhar


കീവ്: തെക്കന്‍ യുക്രെയ്‌നിലെ കഖോവ്ക ഡാം ബോംബിട്ട് തകര്‍ത്തതോടെ ഉണ്ടായ പ്രളയത്തില്‍ വന്‍ ഭീഷണിയായി ഒഴുകി നടക്കുന്ന കുഴിബോംബുകള്‍ (മൈന്‍). യുദ്ധമേഖലയില്‍ ശത്രുസേനയുടെ മുന്നേറ്റം തടയാന്‍ സ്ഥാപിച്ചിരുന്ന കുഴിബോംബുകളാണ് ഇത്തരത്തില്‍ പ്രളയ ജലത്തില്‍ ഒഴുകിനടക്കുന്നത്. ഇത് വലിയ ഭീഷണി സൃഷ്ടിക്കുന്നതാണെന്ന് റെഡ് ക്രോസ് മുന്നറിയിപ്പു നല്‍കി.

 

കുഴിബോംബുകളുടെ രൂപത്തില്‍ അപകടം പതിയിരിക്കുന്ന സ്ഥലങ്ങള്‍ പ്രളയത്തിനു മുന്‍പ് അറിയാമായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ എവിടെയാണ് അപകടമുള്ളതെന്ന് അറിയാന്‍ കഴിയുന്നില്ലെന്നും റെഡ് ക്രോസിന്റെ ആയുധ നശീകരണ വിഭാഗം തലവന്‍ എറിക് ടോലെഫ്‌സെന്‍ പറഞ്ഞു.

 

കുഴിബോംബുകളില്‍ പലതും ഒഴുകുന്ന ബോംബുകളായി മാറിയെന്ന് യുക്രെയ്ന്‍ സൈന്യത്തിന്റെ ദക്ഷിണ കമാന്‍ഡ് വക്താവ് നതാലിയ ഹുമേന്യൂക് പറഞ്ഞു. ''പ്രളയത്തില്‍ പല കുഴിബോംബുകളും ഒഴുകി നടക്കുകയാണ്. അവ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഒഴുകി നടക്കുന്ന കുഴിബോംബുകള്‍ പരസ്പരം കൂട്ടിയിടിച്ചാലോ മറ്റ് അവശിഷ്ടങ്ങളുമായി കൂട്ടിയിടിച്ചാലോ പൊട്ടിത്തെറിക്കാന്‍ സാധ്യത കൂടുതലാണ്' - നതാലിയ ചൂണ്ടിക്കാട്ടി.

 

അതേസമയം, ഡാം തകര്‍ത്തതിന്റെ ഉത്തരവാദിത്തം സംബന്ധിച്ചു റഷ്യയും യുക്രെയ്‌നും. പരസ്പരം പഴിചാരല്‍ ഇപ്പോഴും തുടരുകയാണ്. റഷ്യ തൊടുത്ത പാരിസ്ഥിതിക ബോംബ് എന്നാണ് ഡാം തകര്‍ന്നതിനെ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി വിശേഷിപ്പിച്ചത്. അഭയാര്‍ഥികള്‍ക്കു സഹായമെത്തിക്കാന്‍ യുഎന്നിന്റെയും റെഡ്‌ക്രോസിന്റെയും സഹായം യുക്രെയ്ന്‍ തേടിയിട്ടുണ്ട്. അതേസമയം, ഖേഴ്‌സന്‍ പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങളില്‍ റഷ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

 

പ്രളയബാധിത മേഖലയിലും ഇരുപക്ഷവും ബോംബിങ് തുടരുന്നുണ്ട്. ഡാമിന്റെ തകര്‍ന്ന ഭാഗം പുനര്‍നിര്‍മിക്കാനാവില്ലെന്നും കുത്തൊഴുക്കില്‍ കൂടുതല്‍ തകരാനാണു സാധ്യതയെന്നുമാണു വിദഗ്ധര്‍ പറയുന്നത്. ഡാം തകരുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു ജലനിരപ്പ്. പതിനായിരക്കണക്കിനു പേരുടെ കുടിവെള്ളം മുടങ്ങുമെന്നും ലക്ഷക്കണക്കിനു ഹെക്ടര്‍ കൃഷി നശിക്കുമെന്നും യുക്രെയ്ന്‍ പറഞ്ഞു.

 

പ്രളയം രൂക്ഷമായതോടെ ആയിരക്കണക്കിനാളുകളാണ് ഇതിനോടകം വീടുപേക്ഷിച്ചു രക്ഷപ്പെട്ടത്. അടുത്ത 20 മണിക്കൂറില്‍ നിപ്രോ നദിയുടെ തീരങ്ങളില്‍ ജലനിരപ്പ് ഒരു മീറ്റര്‍ കൂടി ഉയരുമെന്നാണു മുന്നറിയിപ്പ്. പല പ്രദേശങ്ങളിലും ഇതിനകം അഞ്ചര മീറ്റര്‍ വരെ വെള്ളം ഉയര്‍ന്നിട്ടുണ്ട്.

 

പ്രളയജലം കണ്ട് ഭയന്നോടിയ ജനങ്ങള്‍ കയ്യില്‍ കിട്ടാവുന്നതെല്ലാം വാരിയെടുത്ത് ബസുകളിലും ട്രെയിനുകളിലും കയറി നാടുവിടുകയാണ്. കുട്ടികളെ തോളിലെടുത്ത് ഓടിരക്ഷപ്പെടുന്നവരെയും കാണാമായിരുന്നു. ചിലര്‍ വീടുകളുടെ മേല്‍ക്കൂരയില്‍ രാത്രി ചെലവഴിച്ചു.

 

ഇരുപത്തഞ്ചോളം ഗ്രാമങ്ങളില്‍ നിന്ന് 17,000 പേരെ ഒഴിപ്പിച്ചെന്നും ആയിരക്കണക്കിനു വീടുകള്‍ വെള്ളത്തിനടിയിലാണെന്നും യുക്രെയ്ന്‍ അധികൃതര്‍ അറിയിച്ചു. 40,000 പേരോളം പ്രളയഭീഷണിയിലാണ്. റഷ്യ കഴിഞ്ഞ വര്‍ഷം പിടിച്ചെടുത്ത മേഖലയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കഖോവ്ക. 3.3 കിലോമീറ്റര്‍ നീളമുള്ള അണക്കെട്ട് തകര്‍ന്നതോടെ റഷ്യയുടെ നിയന്ത്രണത്തിലുള്ള പട്ടണമായ നോവ കഖോവ്കയിലെ നിരത്തുകളെല്ലാം വെള്ളത്തിലാണ്.

 

 

OTHER SECTIONS