By Lekshmi.10 06 2023
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ബസ് കണ്ടക്ടറാകും. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'ശക്തി' പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് സിദ്ധരാമയ്യ ഒരു ദിവസത്തേക്ക് കണ്ടക്ടറാകുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത അഞ്ച് വാഗ്ദാനങ്ങളിലൊന്നാണ് ഈ പദ്ധതി. തലസ്ഥാനത്ത് പദ്ധതിയുടെ തുടക്കം കുറിക്കുന്നതിനായി മുഖ്യമന്ത്രി ബിഎംടിസി ബസില്‍ യാത്ര ചെയ്യുകയും സ്ത്രീകള്‍ക്ക് സൗജന്യ ടിക്കറ്റ് നല്‍കുകയും ചെയ്യുമെന്നും മന്ത്രിമാരും നിയമസഭാംഗങ്ങളും അതത് ജില്ലകളിലെയും നിയോജക മണ്ഡലങ്ങളിലെയും സര്‍വീസുകള്‍ ഒരേസമയം ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 10 കിലോ സൗജന്യ അരി വിതരണം ചെയ്യുന്ന പദ്ധതി ജൂലൈ ഒന്നിന് മൈസൂരുവില്‍ ആരംഭിക്കും. വനിതാ മേധാവികള്‍ക്ക് പ്രതിമാസം 2,000 രൂപ അലവന്‍സ് ലഭിക്കുന്ന ഗൃഹ ലക്ഷ്മി പദ്ധതിയുടെ ഉദ്ഘാടനം ആഗസ്ത് 15 ന് നടക്കും.