മദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന് കർണാടകം

By അനിൽ പയ്യമ്പള്ളി.12 04 2021

imran-azhar

 

ന്യൂഡൽഹി: ബെംഗ്ലുരു സ്ഫോടന കേസിലെ പ്രതി അബ്ദുൾ നാസർ മദനിയുടെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ പ്രതികൂലമായി ബാധിക്കുമെന്ന് കർണാടക സർക്കാർ.

 

ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കേരളത്തിൽ പോകാൻ മദനിയെ അനുവദിച്ചാൽ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളിൽ നിന്ന് ഒളിച്ചോടാൻ സാധ്യതയുണ്ട്.

 

 

അബ്ദുൽ നാസർ മദനി കേരളത്തിൽ എത്തിയാൽ ഒളിവിൽ കഴിയുന്ന ഭീകരരുമായി ബന്ധപ്പെടാനും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും സാധ്യതയുണ്ടെന്നും കർണാടക സർക്കാർ സുപ്രീം കോടതിയിൽ എഴുതിനൽകിയ വാദങ്ങളിൽ ആരോപിക്കുന്നു.

 

 

കർണാടക ആഭ്യന്തര വകുപ്പ് സുപ്രീം കോടതിയിൽ എഴുതിനൽകിയ വാദങ്ങളിലാണ് ബെംഗളൂരു സ്ഫോടന കേസിലെ പ്രതി അബ്ദുൾ നാസർ മദനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

 

ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കേരളത്തിൽ പോകാൻ മദനിക്ക് അനുമതി നൽകിയാൽ ഭീകരവാദ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ട്.

 

 

പാകിസ്താനിലെ ഇസ്ലാമിക സംഘടനകളുമായി ബന്ധമുള്ള ചില ഭീകരരെ കേരളം, കർണാടകം എന്നിവിടങ്ങളിൽ നിന്ന് സമീപകാലത്ത് എൻ.ഐ.എ. അറസ്റ്റ് ചെയ്തിരുന്നു. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇത്തരക്കാരുമായി മദനി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന ആരോപണമാണ് കർണാടകം ഉന്നയിച്ചിരിക്കുന്നത്.

 

 

കർണാടക സർക്കാർ സുപ്രീം കോടതിയിൽ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത 26 പേജ് ദൈർഘ്യമുള്ള സ്റ്റേറ്റ്മെന്റിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് മദനിയുടെ അഭിഭാഷകർ ആരോപിച്ചു.

ആന്ധ്രപ്രദേശിലെ വിജയവാഡയിൽ മദനിക്കെതിരെ കേസുണ്ടെന്നത് ഉൾപ്പടെ നിരവധി അസത്യങ്ങളാണ് കർണാടകം കോടതിയെ അറിയിച്ചിരിക്കുന്നത്. വിവിധ കോടതികൾ കുറ്റവിമുക്തമാക്കിയ കേസുകളാണ് കർണാടകം മദനിയെ എതിർക്കാനായി കോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നും അഭിഭാഷകർ അറിയിച്ചു. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും.

 

 

ബെംഗളൂരു സ്ഫോടന കേസിന്റെ വിചാരണ പൂർത്തിയാകുന്നതുവരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അബ്ദുൾ നാസർ മദനി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ അപേക്ഷ കഴിഞ്ഞ ആഴ്ച പരിഗണിക്കവേയാണ് മദനി അപകടകാരിയായ മനുഷ്യനാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നിരീക്ഷിച്ചത്.

 

 

2014 -ൽ ആണ് കേസിൽ മദനിക്ക് ജാമ്യം ലഭിച്ചത്. എന്നാൽ ബെംഗളൂരുവിൽ തന്നെ തുടരണമെന്ന വ്യവസ്ഥ കോടതി അന്ന് മുന്നോട്ടുവെച്ചിരുന്നു. ഇതിൽ ഇളവ് തേടി മദനി നൽകിയ അപേക്ഷ ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

 

 

 

 

OTHER SECTIONS