കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ജീവനൊടുക്കി; ആത്മഹത്യ ജപ്തി നോട്ടീസ് കിട്ടിയതിനു പിന്നാലെ

By Web Desk.22 07 2021

imran-azhar

 


തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത മുന്‍ പഞ്ചായത്തംഗം ടി.എം.മുകുന്ദന്‍ (59) ആത്മഹത്യ ചെയ്തു. വായ്പയെടുത്ത 80 ലക്ഷം രൂപ തിരിച്ചടയ്ക്കാത്തതിന് ടി.എം.മുകുന്ദന് ജപ്തി നോട്ടിസ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.

 

കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ-നിക്ഷേപത്തട്ടിപ്പു കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവിട്ടിരുന്നു. പുതിയ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനാണ് നിര്‍ദേശം.

 

ബാങ്ക് കേന്ദ്രീകരിച്ചു കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ ഇഡി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് വിടണമെന്ന് റൂറല്‍ പൊലീസ് മേധാവി ഡിജിപിയോട് ശുപാര്‍ശ ചെയ്തിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെല്ലാം ഒളിവിലാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ബെനാമികളെന്ന് സംശയിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും പൊലീസ് നിരീക്ഷണത്തിലാണ്.

 

സംഭവത്തെക്കുറിച്ച് സഹകരണ വകുപ്പ് ജോയിന്റ്രജിസ്ട്രാര്‍ സംസ്ഥാന സഹകരണ റജിസ്ട്രാര്‍ക്കു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലും അഴിമതി സ്ഥിരീകരിക്കുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി 100 കോടിയില്‍ ഒതുങ്ങില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

 

 

 

 

 

 

 

 

OTHER SECTIONS